പാതി ചാരിയ ചന്ദനമണിവാതിലിലൂടെ മലയാളികളുടെ സംഗീതമനസ്സിൽ പറന്നിറങ്ങിയ നാദശലഭങ്ങൾ. ബി ശശികുമാറിന്റെ വയലിനും വി സി ജോർജ്ജിന്റെ ഫ്ലൂട്ടുമില്ലാതെ “മരിക്കുന്നില്ല ഞാനി”ലെ ചന്ദനമണിവാതിൽ പാതിചാരി എന്ന വേണുഗോപാൽ ഗാനമുണ്ടോ?
അവരിൽ, വി സി ജോർജ്ജ് ഇനി ഓർമ്മ. മലയാളത്തിലെ ഒട്ടനവധി മനോഹര ചലച്ചിത്രഗാനങ്ങൾക്കും തരംഗിണി ആൽബങ്ങൾക്കും പിന്നിൽ പുല്ലാങ്കുഴൽ നാദമായി നിറഞ്ഞുനിന്ന ജോർജ്ജേട്ടൻ വിടപറഞ്ഞത് ഇന്നലെ. സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം, ചന്ദനം മണക്കുന്ന പൂന്തോട്ടം, മൗനം പോലും മധുരം കോകിലേ തുടങ്ങി നൂറുകണക്കിന് ചലച്ചിത്ര ഗാനങ്ങൾ, എൻ ഹൃദയപ്പൂത്താലവും ഉത്രാടപ്പൂനിലാവേയും ശങ്കരധ്യാനപ്രകാരവും പോലുള്ള തരംഗിണിയുടെ ആദ്യകാല ഉത്സവഗാനങ്ങൾ, ഗ്രാമീണ ഗാനങ്ങൾ… ജോർജ്ജേട്ടന്റെ മുരളീനാദം കൂടിയുണ്ട് ആ പാട്ടുകളുടെ ആസ്വാദ്യതയ്ക്ക് പിന്നിൽ.
ഗുണസിംഗിന്റെ ശിഷ്യൻ, ജോൺസന്റെ ഹാർമോണിയം ഗുരു, ഗിറ്റാറിസ്റ്റ് ആറ്റ്ലിക്കും ഗായകൻ അക്ബർ ഷായ്ക്കുമൊപ്പം വോയിസ് ഓഫ് തൃശൂർ എന്ന പേരെടുത്ത ഗാനമേളാ ട്രൂപ്പിന്റെ ശില്പികളിലൊരാൾ… വിശേഷണങ്ങൾ പലതുണ്ട് വി സി ജോർജ്ജിന്. ജന്മനാടായ നെല്ലിക്കുന്നിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയ്ക്കും ലൂർദ് പള്ളിക്കും വേണ്ടി ഭക്തിഗാനങ്ങൾ ചിട്ടപ്പെടുത്തിക്കൊണ്ട് സംഗീതലോകത്ത് അരങ്ങേറുമ്പോൾ ജോർജ്ജിന് പ്രായം കഷ്ടിച്ച് പതിനഞ്ച് വയസ്സ്. പിൽക്കാലത്ത് സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിയായിരിക്കെ സുഹൃത്തുക്കൾക്കൊപ്പം പാരമൗണ്ട് റെവൽറി എന്ന പേരിലൊരു ഗാനമേളാ ഗ്രൂപ്പിന് രൂപം കൊടുത്തു അദ്ദേഹം. അതു കഴിഞ്ഞായിരുന്നു എത്രയോ പ്രഗത്ഭരുടെ പരിശീലനക്കളരിയായിരുന്ന വോയിസ് ഓഫ് തൃശൂരിന്റെ പിറവി.
നെല്ലിക്കുന്നിൽ ജോർജ്ജേട്ടന്റെ വീടിനടുത്തായിരുന്നു ജോൺസന്റെ വീട്. ഹാർമോണിയത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കാനായി പിതാവിനൊപ്പം തന്റെ വീടിന്റെ പടികടന്നുവന്ന പത്തുവയസ്സുകാരന്റെ ചിത്രം ജോർജ്ജേട്ടൻ എന്നും വാത്സല്യത്തോടെ ഓർമ്മയിൽ സൂക്ഷിച്ചു. നല്ലൊരു പാട്ടുകാരൻ കൂടിയായിരുന്നു കൊച്ചു ജോൺസൺ എന്നോർക്കുന്നു അദ്ദേഹം. ജാനകിയുടെയും സുശീലയുടേയുമൊക്കെ ഗാനങ്ങൾ മധുരമായി പാടും. പെട്ടി വായിക്കാൻ പഠിപ്പിച്ചതോടൊപ്പം ശിഷ്യനെ തൃശൂരിലെ ഗാനമേളക്കാർക്ക് പരിചയപ്പെടുത്തുക കൂടി ചെയ്തു ജോർജ്ജേട്ടൻ. സ്പെഷ്യൽ എഫക്റ്റ്സിനായി ഉപയോഗിച്ചിരുന്ന കബാസ എന്ന ഉപകരണമാണ് ആദ്യകാലത്ത് ജോൺസൺ ഗാനമേളകളിൽ കൈകാര്യം ചെയ്തത്. മലയാളികൾ വിസ്മയത്തോടെ ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരു സംഗീത ജൈത്രയാത്രയുടെ തുടക്കം അവിടെനിന്നായിരുന്നു. ആ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എന്നും അഭിമാനിച്ചു വി സി ജോർജ്ജ്.