കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരമേഖലയിൽ കടൽക്ഷോഭം ശക്തമായതോടെ തീരദേശ പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എറിയാട് പഞ്ചായത്തിൽ ഒന്നും എടവിലങ്ങ് പഞ്ചായത്തിൽ രണ്ടും ശ്രീനാരായണപുരം പഞ്ചായത്തിൽ ഒന്നും വീതമാണ് ക്യാമ്പുകൾ തുറന്നത്. നാല് ക്യാമ്പുകളിലായി 83 ആളുകൾ താമസമാരംഭിച്ചിട്ടുണ്ട്.
ക്യാമ്പുകളിൽ താമസിക്കാനെത്തുന്നവർക്ക് ആന്റിജൻ ടെസ്റ്റ് നടത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ ഡി സി സി, സി എഫ് എൽ ടി സി എന്നിവിടങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കും. എടവിലങ്ങ് പഞ്ചായത്തിലെ കാര ഫിഷറീസ് സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 10 കുടുംബങ്ങളിലായി 32 അംഗങ്ങളുണ്ട്. ഇതിൽ 12 പേർ പുരുഷന്മാരും 14 പേർ സ്ത്രീകളും ആറ് പേർ കുട്ടികളുമാണ്. എടവിലങ്ങ് കാര സെൻറ് ആൽബന സ്കൂളിൽ 7 കുടുംബങ്ങളിലായി 27 പേർ. 12 പുരുഷൻമാരും 9 സ്ത്രീകളും 6 കുട്ടികളും.
എറിയാട് പഞ്ചായത്തിലെ ഐ എം യു പി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഏഴു കുടുംബങ്ങളിലായി 21 അംഗങ്ങൾ. 10 പുരുഷന്മാരും 10 സ്ത്രീകളും ഒരു കുട്ടിയും. ശ്രീനാരായണപുരം പഞ്ചായത്തിൽ പടിഞ്ഞാറെ വെമ്പല്ലൂർ എംഇഎസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ മാത്രമാണ് നിലവിൽ താമസമാരംഭിച്ചിരിക്കുന്നത്. രാത്രിയിലും കടലേറ്റം തുടർന്നാൽ കൂടുതൽ പേർ ക്യാമ്പുകളിലെത്തുമെന്നാണ് പ്രതീക്ഷ.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രോഗഭീതി മൂലം കൂടുതൽ ആളുകളും ക്യാമ്പിലേക്ക് പോകാതെ ബന്ധുവീടുകളിലാണ് അഭയം തേടുന്നത്. എറിയാട് പഞ്ചായത്തിലെ ചന്ത കടപ്പുറം, ആറാട്ടുവഴി, ലൈറ്റ് ഹൗസ്, എടവിലങ്ങ് പഞ്ചായത്തിലെ പുതിയ റോഡ്, കാര വാക്കടപ്പുറം, ശ്രീനാരായണപുരം പഞ്ചായത്തിലെ ശ്രീകൃഷ്ണ മുഖം ക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. വ്യാഴാഴ്ച ആരംഭിച്ച കടൽക്ഷോഭം വെള്ളിയാഴ്ച രാവിലെയോടെ രൂക്ഷമാവുകയായിരുന്നു. മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ മത്സ്യബന്ധനത്തിന് ആരും തന്നെ കടലിലിറങ്ങിയിരുന്നില്ല.
എറിയാട് ഒരു വീട് ഭാഗികമായും എടവിലങ്ങിൽ ഒരു ക്ഷേത്രവും കടലാക്രമണത്തിൽ തകർന്നു. നിരവധി വീടുകൾ വെള്ളത്തിലായി. എറിയാട് കാര്യേഴത്ത് ഗിരീഷിന്റെ വീടാണ് തകർന്നത്. എടവിലങ്ങ് കാര വാക്കടപ്പുറം ചോറ്റാനിക്കര ദേവി ക്ഷേത്രവും കടലാക്രമണത്തിൽ തകർന്നു. കടൽഭിത്തി കടന്നെത്തിയ തിര ഒരു കിലോമീറ്ററിലധികം പ്രദേശത്ത് വെള്ളക്കെട്ട് സൃഷ്ടിച്ചു.പലയിടങ്ങളിലും ജിയോ ബാഗ് തടയണ തകർന്നതിനെ തുടർന്ന് ജനവാസ മേഖല വേലിയേറ്റ ഭീഷണിയിലാണ്.
ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും റവന്യൂ അധികൃതരും പൊലീസും സ്ഥലത്തെത്തി കടൽക്ഷോഭ മേഖലകളിൽ എത്തി വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണ്. കടൽക്ഷോഭ ബാധിത പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഗ്രാമപഞ്ചായത്തുകളും റവന്യൂ വകുപ്പും ചേർന്ന് താത്ക്കാലിക തടയണകൾ നിർമ്മിക്കുന്നുണ്ട്.
ശക്തമായ മഴയും തിരയടിയും ഒപ്പം കൊവിഡ് ഭീഷണിയും മറികടന്നാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കടൽക്ഷോഭം രണ്ട് ദിവസം കൂടി തുടരുമെന്നതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെയുള്ളവ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു.