നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കും : മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതു സംബന്ധിച്ച വിശദമായ ഉത്തരവ് അതത് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ പുറപ്പെടുവിക്കും.
ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുന്ന പ്രദേശങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കും. ആൾക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താൻ ഡ്രോൺ പരിശോധനയും ക്വാറന്റീൻ ലംഘിക്കുന്നത് കണ്ടെത്താൻ ജിയോ ഫെൻസിങ്ങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറന്റീൻ ലംഘിക്കുന്നവർക്ക് മാത്രമല്ല, അതിനു സഹായം നൽകുന്നവർക്കെതിരേയും കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കർശനമായ നടപടികൾ എടുക്കും.

  ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ നടപടികൾക്ക് വാർഡ് സമിതികൾ നേതൃത്വം നൽകണം. കമ്മ്യൂണിറ്റി കിച്ചനുകൾ, ജനകീയ ഹോട്ടലുകൾ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തണം. അതിൽക്കവിഞ്ഞുള്ള സാമൂഹിക പ്രവർത്തനങ്ങളെല്ലാം ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ഇടങ്ങളിൽ പരിപൂർണമായി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കാൻ പതിനായിരം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. മരുന്നുകട, പെട്രോൾ പമ്പുകൾ എന്നിവ തുറക്കും. പത്രം, പാൽ എന്നിവ രാവിലെ ആറുമണിക്കു മുൻപ് വീടുകളിൽ എത്തിക്കണം. വീട്ടുജോലിക്കാർ, ഹോം നഴ്‌സ് എന്നിവർക്ക് ഓൺലൈൻ പാസ് വാങ്ങി യാത്ര ചെയ്യാം. പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ മുതലായവർക്കും ഓൺലൈൻ പാസ് വാങ്ങി അടിയന്തരഘട്ടങ്ങളിൽ യാത്രചെയ്യാം. വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതി ഉണ്ട്. ബേക്കറി, പലവ്യഞ്ജനക്കടകൾ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുന്നതാണ് അഭികാമ്യം.

ട്രിപ്പിൾ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരുന്ന ജില്ലകളിൽ ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം ഏറ്റവും കുറച്ച് ജീവനക്കാരുമായി പ്രവർത്തിക്കണം. ഈ നാലു ജില്ലകളുടെ അതിർത്തികൾ അടച്ചിടും. തിരിച്ചറിയൽ കാർഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവർക്കു മാത്രമേ യാത്രാനുമതി ഉണ്ടാകൂ. അകത്തേക്കും പുറത്തേക്കും യാത്രയ്ക്കായുള്ള ഒരു റോഡൊഴികെ കണ്ടെയ്ൻമെൻറ് സോൺ മുഴുവനായും അടയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *