ഓക്സിജന്‍ സുരക്ഷ ഉറപ്പാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം

Spread the love

post

കണ്ണൂര്‍: കൊവിഡ് 19 വ്യാപനത്തിന്റെ ഗുരുതര സാഹചര്യത്തില്‍ ഓക്‌സിജന്‍ ഉപയോഗവും സുരക്ഷയും സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് സ്വകാര്യ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. ഓക്‌സിജന്റെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കാനാണ് നടപടിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

എല്ലാ ആശുപത്രികളും മെഡിക്കല്‍ ധാര്‍മികത പുലര്‍ത്തണം. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ കൃത്യമായി പരിപാലിക്കുകയും നിരീക്ഷിക്കുകയും ചെയ്യണം. ഓക്‌സിജന്‍ ചോര്‍ച്ച ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണം. ഓക്‌സിജന്‍ ഉപയോഗം യുക്തിസഹമായ രീതിയിലായിരിക്കണം. അത്യാവശ്യമല്ലാത്തതും ഒഴിവാക്കാവുന്നതുമായ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കണം. ഇത്തരം അടിയന്തര ശസ്ത്രക്രിയകള്‍ നടത്തേണ്ടതുണ്ടെങ്കില്‍ അതിന്റെ വിശദാംശം ജില്ലാ ഓക്‌സിജന്‍ വാര്‍റൂമില്‍ അറിയിക്കണം.

ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ദ്രുത സുരക്ഷാ ഓഡിറ്റ് സംഘം (ആര്‍എസ്എടി) ആശുപത്രികളില്‍ പരിശോധന നടത്തും. ഇതുമായി ആശുപത്രികള്‍ സഹകരിക്കണമെന്നും ഇതിനായി പ്രത്യേക നോഡല്‍ ഓഫീസറെ ഓരോ ആശുപത്രിയിലും നിയമിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *