അലക്സ് വർഗീസ്
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
യുക്മ നഴ്സസ് ഫോറത്തിൻ്റെ (UNF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷം മെയ് 23 ഞായറാഴ്ച നടക്കുന്നതാണ്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടികളിൽ രാഷട്രീയ സാമൂഹ്യ രംഗങ്ങളിലേയും നഴ്സിംഗ് മേഖലയിലേയും പ്രമുഖ വ്യക്തികൾ പങ്കെടുക്കും. വിവിധ നഴ്സിംഗ് മേഖലയിലെ പ്രമുഖർ നയിക്കുന്ന പ്രഭാഷണങ്ങളോടൊപ്പം പ്രസ്തുത പരിപാടിയിൽ യുക്മയുടെ റീജിയണൽ തലങ്ങളിൽ നിന്നും നഴ്സുമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും
ഉണ്ടായിരിക്കുന്നതാണ്.
മെയ് 23 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് യുക്മയുടെ ഫെയ്സ് ബുക്ക് പേജിലൂടെ ലൈവായിട്ടാണ് പരിപാടികൾ നടക്കുക.
യുക്മ യുകെയിലെ മലയാളി നഴ്‌സുമാർക്കു വേണ്ടി സ്ഥാപിച്ചിരിക്കുന്ന പോഷക സംഘടനയാണ് യുക്മ നഴ്സസ് ഫോറം (UNF). കഴിഞ്ഞ കാലങ്ങളിൽ യുക്മ നഴ്സസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ യുകെയിലെ നഴ്സുമാർക്കു വേണ്ടി നിരവധി പരിപാടികൾ യു.എൻ.എഫ് ൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. നഴ്സുമാരുടെ ശമ്പളവർദ്ദന ആവശ്യപ്പെട്ടുകൊണ്ടും, പുതിയതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന നഴ്സുമാർക്ക് പെർമനൻ്റ് റസിഡൻസ് നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ടും യുകെയിലെ ഭരണ നേതൃത്വത്തിന് അഞ്ഞൂറോളം പ്രാദേശിക എംപിമാർ മുഖാന്തിരം നിവേദനങ്ങൾ നല്കുവാനും ഇക്കാര്യങ്ങളിൽ അനുകൂലമായ അഭിപ്രായ സമന്വയം ഉണ്ടാക്കിയെടുക്കുവാൻ യുക്മയ്ക്കും യു.എൻ എഫിനും സാധിച്ചിട്ടുണ്ട്. അനുകൂലമായ തീരുമാനം നേടിയെടുക്കുവാനുള്ള പോരാട്ടങ്ങൾ തുടരുകയാണ്.
ആതുരസേവന മേഖലയുടെ ജീവത്തുടിപ്പുകളാണ് നഴ്സുമാർ. രോഗികളുടെ ആരോഗ്യ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി സ്വജീവൻ ബലികഴിച്ചും നിലകൊള്ളുന്നവരുമാണ് നഴ്സുമാർ. നഴ്സുമാർ ഓരോരുത്തരും അവരവർ ജോലിചെയ്യുന്ന സ്ഥാപനത്തിൽ വളരെ പ്രധാന പങ്കുവഹിക്കുന്നവരാണ്.
മൂന്നും നാലും അതിലധികവും വർഷങ്ങളിലെ പഠനകാലങ്ങളിൽ നേടുന്ന വിലമതിക്കാനാവാത്ത അറിവും, വിജ്ഞാനവും, പരിശീലനകാലങ്ങളിൽ നേടുന്ന അമൂല്ല്യമായ അറിവുകളും ലോകത്തിനെ പുതിയ ഒരു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ പ്രാപ്തമായ രീതിയിൽ കൊണ്ടു പോകുവാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാധിക്കുന്നു. അത് കുലീനമായ നഴ്സിംഗ് ജോലിയുടെ മാത്രം പ്രത്യേകതയാണത്.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ നഴ്സുമാരുടെ ജോലി വളരെയേറെ ഉത്തരവാദിത്വവും അപകടവും നിറഞ്ഞതാണ്. എന്നിരുന്നാലും രോഗികളിൽനിന്നും അവരുടെ ബന്ധുക്കളിൽ നിന്നും സഹ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന നല്ല പ്രതികരണങ്ങൾ, മറ്റുള്ളവർക്കായി ചെയ്യുന്ന നല്ല പ്രവർത്തികൾ, അഭിമാനിക്കാൻ ഏറെയുണ്ട് ആരോഗ്യ ഖേലയിലെ മാലാഖമാർക്ക്.
എല്ലാ യു.കെ. മലയാളി നഴ്സുമാരെയും സംയോജിപ്പിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു വലിയ പ്ലാറ്റ്ഫോമാണ് യുക്മ നഴ്സസ് ഫോറം (യു.എൻ.എഫ്). പരിശീലനം, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ചവർക്ക് ബഹുമതി നൽകി ആദരിക്കുക തുടങ്ങിയവയിലൂടെ നഴ്സുമാരുടെ അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുവാനും നഴ്സുമാരെ ശാക്തീകരിക്കാനും അവരുടെ പ്രൊഫഷണൽ വികാസത്തിനും ലക്ഷ്യമിട്ടാണ് യു.എൻ.എഫ് പ്രവർത്തിക്കുന്നത്. യു കെയിലെ എല്ലാ മലയാളി നഴ്സുമാരും പ്രൊഫഷണൽ കാര്യങ്ങളിൽ പൊതു താല്പര്യം വികസിപ്പിക്കാനും പരിരക്ഷിക്കുവാനും യു.എൻ.എഫുമായി ബന്ധപ്പെട്ടുകൊണ്ടു പ്രവർത്തിക്കാൻ യു എൻ എഫ് ദേശീയ സമിതി അഭ്യർത്ഥിക്കുന്നു.
യുക്മ നഴ്സസ് ഫോറത്തിൻ്റെ നഴ്സസ് ദിനാഘോഷത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യുക്മ ജോയിൻറ് സെക്രട്ടറിയും യു എൻ എഫ് നാഷണൽ കോർഡിനേറ്ററുമായ സാജൻ സത്യൻ, പ്രസിഡൻ്റ് സിന്ധു ഉണ്ണി, സെക്രട്ടറി ലീനുമോൾ ചാക്കോ എന്നിവർ അറിയിച്ചു.
Sajish Tom
UUKMA National PRO & Media Coordinator
_______________________________________________
Union of United Kingdom Malayalee Associations