നെബ്രസ്‌ക്കൊ: അഞ്ചു വയസ്സുള്ള എമിലിയും, മൂന്നു വയസ്സുള്ള തിയോഡര്‍ പ്രൈസും നെബ്രസ്‌ക്കെ ആല്‍ബര്‍ട്ട് അവന്യൂവിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ പിതാവിനെ കാലിഫോര്‍ണിയ ഫെസഫിക്കായില്‍ വെച്ചു അറസ്റ്റു ചെയ്തു. മെയ് 17 ഞായറാഴ്ച വൈകീട്ട് അറസ്റ്റു ചെയ്ത ആഡംപ്രൈസ്(35) നെ തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ കാലിഫോര്‍ണിയ കോടതിയില്‍ ഹാജരാക്കി.
ഭാര്യയും ഭര്‍ത്താവും വേര്‍പിരിയലിന്റെ നടപടി ക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കെ കോടതി ഉത്തരവനുസരിച്ചു പിതാവിനെ സന്ദര്‍ശിക്കാനാണ് കുട്ടികള്‍ നെബ്രസ്‌ക്കായിലുള്ള വീട്ടില്‍ എത്തിയത്. കുട്ടികളുടെ മാതാവ് ഇല്ലിനോയ്‌സിലാണ് താമസം.
കുട്ടികളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ആല്‍ബര്‍ട്ടായിലെ പോലീസിനെ വിളിച്ചു കുട്ടികളുടെ വെല്‍ഫെയര്‍ ചെക്കിനു വേണ്ടി അമ്മ അഭ്യര്‍ത്ഥിച്ചു.
ശനിയാഴ്ച വീട്ടില്‍ എത്തിയ പോലീസ് അസ്വാഭാവികമായി ഒന്നും കാണാതിരുന്നതും, വീട്ടില്‍ ആരും ബലം പ്രയോഗിച്ചു കടന്നിട്ടില്ലെന്നും ബോധ്യമായതിനെ തുടര്‍ന്ന് തിരിച്ചുപോയിരുന്നു. ഞായറാഴ്ച രാവിലെ വീണ്ടും മാതാവ് വിളിച്ചപ്പോള്‍ പോലീസ് വീട്ടിലെത്തി അന്വേഷിക്കുകയും, രണ്ടു കുട്ടികളേയും മരിച്ച നിലയില്‍ വീടിനകത്തു കണ്ടെത്തുകയുമായിരുന്നു. ഉടനെ കുട്ടികളുടെ പിതാവിനെ അന്വേഷിക്കുന്നതിനിടയില്‍ കാലിഫോര്‍ണിയ ഫെസഫിക്കായില്‍ ആഡം പ്രൈസിനെ രാത്രി 7 മണിയോടെ പിടികൂടുകയുമായിരുന്നു.
കുട്ടികളുടെ മരണത്തെകുറിച്ചു ഫോറന്‍സിക്ക് റിപ്പോര്‍ട്ട് കിട്ടിയതിന്‌ശേഷം പിതാവിനെതിരെ കൂടുതല്‍ ചാര്‍ജ്ജുകള്‍ ആവശ്യമാണെങ്കില്‍ സ്വീകരിക്കുമെന്ന് ഫസഫിക്ക് പോലീസ് പറഞ്ഞു. പ്രതിയെ കാലിഫോര്‍ണിയായില്‍ നിന്നും നെബ്രസ്‌ക്കയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികളും അനുവദിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ ദാമ്പത്യ തകര്‍ച്ചയുടെ ഇരകളാണ് നിര്‍ദോഷികളും നിഷ്‌ക്കളങ്കരുമായ രണ്ടു കുട്ടികള്‍.
റിപ്പോർട്ട് : പി.പി.ചെറിയാന്‍