മുംബൈ ബാര്‍ജ് ദുരന്തം

Spread the love
മുബൈ ബാര്‍ജ് അപകടമണ്ടായപ്പോള്‍ തന്നെ അതില്‍ മലയാളി ജീവനക്കാരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അപകടത്തില്‍പ്പെട്ട ബാര്‍ജിലെ ജീവനക്കാരെല്ലാം രക്ഷപെടണേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു മലയാളികള്‍. എന്നാല്‍ അധികം വൈകാതെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ കേരളത്തിലെത്തി. വയനാട് സ്വദേശി ജോമീഷിന്റേയും കോട്ടയം ചിറക്കടവ് സ്വദേശി സസിന്റെയും മരണ വാര്‍ത്തകളാണ് ആദ്യം ദു:ഖത്തിലാഴ്ത്തിയത്. പിന്നാലെ വയനാട്ടില്‍ നിന്നു തന്നെയുള്ള സുമേഷിന്റെ മരണ വാര്‍ത്തയുമെത്തി.
mumbai-barge-accident-malay
സസിന്റെ മരണവാര്‍ത്ത നാടിനും നാട്ടുകാര്‍ക്കും ഇരട്ടി ദു:ഖമാണ്. കാരണം അടുത്തമാസം വിവാഹം നടത്താനായി സന്തോഷിച്ചിരുന്ന വീട്ടിലേയ്ക്കാണ് ഈ വാര്‍ത്തയെത്തിയത്. ചിറക്കടവ് അരിഞ്ചിടത്ത് എംഎം ഇസ്മായിലിന്റെ മകനാണ് സസിന്‍. സസിന്റെ വിവാഹ നിശ്ചയം അടുത്തയിടെയായിരുന്നു നടന്നത്. നിശ്ചയത്തിനു ശേഷം ഇസ്മയില്‍ മകന്റെ വിവാഹത്തിനായുള്ള മറ്റ് ഒരുക്കങ്ങള്‍ നടത്തി വരികയായിരുന്നു. ഇതിനിടയില്‍ പ്രിയ മകന്‍ ഇനി വരില്ല എന്നറിഞ്ഞ ഇസ്മയിലിനേയും കുടുംബത്തേയും ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ക്ക് ആവുന്നില്ല. വിവാഹ ഒരുക്കങ്ങളുടെ സന്തോഷമാണ് കണ്ണീര്‍ക്കയത്തില്‍ മുങ്ങിപ്പോയത്. ജോലിയില്‍ പ്രവേശിച്ചിട്ട് മൂന്ന് വര്‍ഷമായ സസിന്‍ മൂന്നുമാസം മുമ്പും വീട്ടില്‍ വന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ്  അവസാനമായി വീട്ടിലേയ്ക്ക് വിളിച്ചത്.
വയനാട് പനമരം സ്വദേശിയായ ജോമീഷ് ജോലിയില്‍ പ്രവേശിച്ചിട്ട് ആറു വര്‍ഷമായി. അപ്പനും അമ്മയും ഭാര്യയും കുഞ്ഞുങ്ങളുമടങ്ങുന്നതാണ് ജോമിഷിന്റെ കുടുംബം. ഭാര്യ ഡല്‍ഹിയില്‍ നഴ്‌സായതിനാല്‍ ജോമീഷ് തന്റെ കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏല്‍പ്പിച്ച് ഈ ജൂണില്‍ ജോലി നിര്‍ത്തി മടങ്ങിയെത്തും എന്നും വാക്ക് നല്‍കിയിട്ടാണ് പോയത്. എന്നാല്‍ ജൂണെത്തും മുമ്പേ വിധി ജോമീഷിന്റെ സ്വപ്‌നങ്ങള്‍ കവര്‍ന്നു. അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങള്‍ ഇതുവരെ പ്രിയപ്പെട്ട പപ്പയുടെ വിയോഗം അറിഞ്ഞിട്ടില്ല. വീട്ടിലെത്തുന്നവരോട് സന്തോഷത്തോടെയാണ് ഇവര്‍ പപ്പയുടെ വിശേഷങ്ങള്‍ പറയുന്നത്. ഇത് കാണുന്നവര്‍ക്ക് കരച്ചിലടക്കാന്‍ കഴിയുന്നില്ല.
വയനാട് മുപ്പൈനാട് വടുവന്‍ചാല്‍ സ്വദേശിയാണ് സുമേഷ്. ദുരന്തവിവരം അറിഞ്ഞപ്പോള്‍ ആശങ്കയിലായിരുന്ന പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്കാണ് ഇനി സുമേഷ് മടങ്ങി വരില്ലെന്ന വാര്‍ത്ത എത്തിയത്. ദുരന്തത്തില്‍ 50 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 25 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

Author

Leave a Reply

Your email address will not be published. Required fields are marked *