വിസ്‌മൃതിയിലാണ്ട സ്മശാനങ്ങൾ : അനീഷ് പ്ലാങ്കമണ്‍

Spread the love
                       
കുടിയേറ്റങ്ങൾ, അധിനിവേശം എന്നിവകൊണ്ട് വളരെ സങ്കീർണ്ണമായൊരു ചരിത്രമാണ് കേരളത്തിനുള്ളത്. യെഹൂദൻ, അറബികൾ, ചൈനക്കാർ, ആര്യന്മാർ, സിറിയൻസ്, ഡച്ചുകാർ, ബ്രിട്ടീഷുകാർ, ബംഗാളികൾ എന്നിവരൊക്കെ ചരിത്രത്തിന്റെ ഓരോ ഏടുകളിൽ ഈ മണ്ണിൽ വരികയും കച്ചവടത്തിൽ/തൊഴിലിൽ ഏർപെടുകയോ ചെയ്‌തിട്ടുണ്ട്‌.
സഹസ്രാബ്ദങ്ങളുടെ വിദേശവിനിമയ ബന്ധമുള്ള കുരുമുളകിന്റെ നാട്ടുകാർക്ക്, അപരന് തലചായ്ക്കാൻ ഒരിടം നൽകുന്നതിൽ തെല്ലും ശങ്കയുണ്ടായിരുന്നില്ല. അങ്ങനെ വന്നവരും പോയവരുമൊക്കെയായി ഒരു വലിയ ”ഇടപഴകലിന്റെ” സംസ്കാരം കേരളത്തിൽ ഉടലെടുത്തു. വിവാഹത്തിന് കൊടുത്തും എടുത്തുമൊക്കെ ആ ഇടപഴകലിന്റെ സംസ്‍കാരം വിശാലതയിലേക്ക് വളർന്നു. ജനനവും മരണവും സംഭവിച്ചു. ജനനം ഒരു ആഘോഷമായപ്പോൾ, മരണവും മരിച്ചവരുടെ കബറിടങ്ങളും ഒരു വലിയ സംസ്കാരത്തിന്റെ ഭൂതകാലാവശിഷ്ടങ്ങളായി ഈ മണ്ണിൽ അവശേഷിച്ചു.
അധിവേശ സംസ്കാരത്തിന്റെ അടയാളപ്പെടുത്തലായി ആദ്യ സ്മശാനം ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് 1519 ൽ ആണെന്ന് പറയാം. കൊല്ലം നഗരത്തിലെ തങ്കശേരിയിലാണ് പോർച്ചുഗീസ് വക സെമിത്തേരി നിലനിൽക്കുന്നത്. എന്നാലിന്നിത്  നാശോന്മുഖമാകുന്ന പൈതൃകങ്ങളുടെ പട്ടികയിലേക്ക് ഇതിനെ തള്ളി വിടാൻ ആരൊക്കെയോ ശ്രമിക്കുന്നു എന്നതാണ് ശരി. 12|2|2020 മാതൃഭൂമി ഓൺലൈൻ എഡിഷനിൽ വന്ന ”ചരിത്രം മണ്ണിടിയുന്നു, ഈ സെമിത്തേരിക്കൊപ്പം” എന്ന വാർത്ത ഇത്‌ ശരിവയ്ക്കുന്നു.
”കൊല്ലം :ഒരു സംരക്ഷണവുമില്ലാതെ വിസ്മൃതിയിലാണ്ടുകൊണ്ടിരിക്കുന്ന കൊല്ലത്തെ പൈതൃക സ്മാരകങ്ങളിൽ എടുത്തുപറയേണ്ട പേരാണ് തങ്കശ്ശേരിയിലെ പോർച്ചുഗീസ്-ഡച്ച് സെമിത്തേരിയുടേത്. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന സെമിത്തേരിക്ക് അർഹിച്ച പരിഗണനയോ സംരക്ഷണമോ അധികൃതർ നൽകിയിട്ടില്ല. കാടുപിടിച്ചുകിടക്കുന്ന ഏതാനും അവശേഷിപ്പുകൾ മാത്രമേ സെമിത്തേരിയുടേതായി നിലവിലുള്ളൂ. പലപ്പോഴായി നടന്ന കൈയേറ്റങ്ങളും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ അവഗണനയും സെമിത്തേരിയെ ചരിത്രത്തിൽനിന്നുതന്നെ തുടച്ചുനീക്കുന്ന നിലയിലാക്കിയിട്ടുണ്ട്.
പലപ്പോഴായി തങ്കശ്ശേരിക്കായി പ്രഖ്യാപിച്ച സംരക്ഷണ പാക്കേജുകളിൽ സെമിത്തേരിയുടെ പേര് ആവർത്തിച്ചെങ്കിലും ഒരിക്കൽപ്പോലും തുടർനടപടികളൊന്നുമുണ്ടായില്ല.
 16-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ പോർച്ചുഗീസുകാരാണ് കോട്ടയോടനുബന്ധമായി സെമിത്തേരി നിർമിച്ചതെന്ന് പറയപ്പെടുന്നു. പിന്നീട് പ്രദേശം ഡച്ച് അധീനതയിലായതോടെ സെമിത്തേരി ഡച്ച് സെമിത്തേരിയായി. പിന്നീട് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വരവോടെ ബ്രിട്ടന്റെ അധീനതയിലായതായും പറയപ്പെടുന്നു. മുന്നൂറോളംപേരെ ഇവിടെ സംസ്കരിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു. ത്രികോണാകൃതിയിലാണ് കുടീരങ്ങൾ നിർമിച്ചിട്ടുള്ളത്. ഇവയുടെ വിരലിലെണ്ണാവുന്ന അവശിഷ്ടങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.” ഈ സ്‌മാശ്ങ്ങൾ സംരക്ഷിക്കുന്നതിൽ  ഒരുതരം ബോധപൂര്‍വമായ ഒരു ഉത്സാഹക്കുറവ് ഇല്ലേ എന്ന സംശയം ഇവിടെ അവശേഷിക്കുന്നു.
അഥിതികളുടെ ശവപ്പറമ്പുകളുടെ വിവരങ്ങൾ കേവലം ഒരു തങ്കശേരികൊണ്ട് മാത്രം അവസാനിക്കുന്നതല്ല.
ഡച്ച് സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ ഫോർട്ട് കൊച്ചിയിൽ നിന്നും നമ്മുക്ക് കണ്ടെടുക്കാവുന്നതാണ്. 1724 ഡച്ചുകാർ സ്ഥാപിച്ച ഒരു സെമിത്തേരി അവിടെയുണ്ട്. അക്കാലത്തെ ഡച്ച് വാസ്തുവിദ്യയുടെ ശൈലിയിൽ നിർമ്മിച്ച ഈ സെമിത്തേരിക്ക് ചുറ്റും മതിലുകളുണ്ട്. 1724 എന്ന പ്രവേശനവർഷം  സ്തംഭത്തിൽ കൊത്തിവച്ചിട്ടുണ്ട്. ഇവിടെയുള്ള
പല ശവകുടീരങ്ങളും ഗ്രാനൈറ്റ്, ചുവന്ന ലാറ്ററൈറ്റ് എന്നിവകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ തന്നെ വലുതും ചെറുതുമായ ശവകുടീരങ്ങളുണ്ട്.
ഈ സെമിത്തേരിയിൽ അവസാനമായി ശവസംസ്കാരം നടത്തിയത് 1913 ൽ  ക്യാപ്റ്റൻ ജോസഫ് എഥെൽബർട്ട് വിൻക്ലരിന്റെ  ആയിരുന്നു.
1869 നിലവിൽ വന്ന  കുട്ടിക്കാനം, പള്ളിക്കുന്ന് ബ്രിട്ടീഷ് സെമിത്തേരി, കേണൽ ജോൺ ഡാനിയേൽ മൺറോയുടെ ശവകുടിരം കൊണ്ട് പ്രസിദ്ധമാണ്. ബ്രിട്ടീഷുകാരെ അടക്കം ചെയ്തിരിക്കുന്ന  മൂന്നാറിലെ സ്മശാനം.  മുല്ലപെരിയാർ ഡാം നിർമ്മിതിയുടെ ചുക്കാൻ പിടിച്ച കേണൽ ജോൺ പെന്നിക്യുക്കിന്റെ ശവകുടിരം. ഇതൊക്കെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങില്‍ പ്രേത്യേക സ്ഥാനം വഹിക്കുന്നു.
ജീവിതം, കർമ്മം എന്നിവകൊണ്ട് എന്നും വംശശുദ്ധി കാത്തുവരുന്ന യഹുദന്മാരുടെ ശ്മശാനങ്ങൾ കൊണ്ട് കൊച്ചിയിലെ മട്ടാഞ്ചേരി സമ്പന്നമാണ്. കോളറ കാലത്ത് കോഴിക്കോട്ട്, ബ്രിട്ടീഷുകാർ നൽകിയ മുസ്ലിം ഖബറിടം ഇവയെല്ലാം ചേരുന്നതാണ് നമ്മുടെ സ്മശാന സംസ്കാര സമ്പന്നത എന്ന് പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ഉത്‌സവങ്ങൾ, മതം, വംശം, ജാതി, ആരാധനാലയങ്ങൾ, കലകൾ, ഭാഷ എന്നിവ മാത്രമല്ല നമ്മുടെ സാമൂഹിക-സാംസ്‌കാരിക പൈതൃകം എന്ന് പറയുന്നത്. നമ്മെ കൊള്ള ചെയ്തവർ, നമ്മെ സാമൂഹിക-സാംസ്‌കാരിക മേഖലയിലേക്ക് കൈപിടിച്ചുയർത്തുവാൻ സഹായിച്ചവർ എന്നിവരുടെ അന്ത്യവിശ്രമസ്ഥലവും നമ്മുടെ സംസ്കാര പൈതൃകങ്ങളുടെ സമ്പന്നത തന്നെയാണ്.
പക്ഷെ, സമീപകാലത്ത് ഉയർന്നു വന്ന അമിത ദേശഭക്തിയും, കപട ദേശീയതാവാദങ്ങളുമെല്ലാം ബ്രിട്ടീഷ്, ഡച്ച്, വരവിനെ ക്രൈസ്തവികമായി ചിത്രികരിച്ചു. ഇതിന്റെ ഫലമായി, മതഭ്രാന്തിന്റെ, അന്ധമായ വംശവെറിയുടെ ഭാഗമായി സംരെക്ഷിക്കപ്പെടേണ്ട പലതും, ബോധപൂർവം നാശോന്മുഖമാകുന്നതിലേക്ക് തള്ളിവിടുന്നു. മറ്റുപലതിനും 5000 വർഷങ്ങളുടെ കാലപ്പഴക്കം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവം ശ്രമിക്കുന്നു. ഒന്നുമാത്രം കുറിക്കുന്നു. കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നത എന്ന് പറയുന്നത് ബഹുസ്വരതയുടേതാണ്. ജാതി, മതം, വംശം, കുലം, ദേശം, ഭാഷ എന്നിവയുടെ പേരിൽ സാംസ്‌കാരിക വർഗ്ഗീകരണം  നടന്നാൽ, അവശേഷിക്കുവാൻ ഇവിടെ ഒന്നും ഉണ്ടാവില്ല. കാരണം, ഈ കാണുന്നതെല്ലാം കൊടുക്ക-വാങ്ങലുകളിലൂടെ ഉണ്ടായതാണ്.

                                  അനീഷ് പ്ലാങ്കമണ്‍

Author

Leave a Reply

Your email address will not be published. Required fields are marked *