പിണറായി വിജയന്റെ 76 -ാം പിറന്നാള്‍ ഇന്ന്. രണ്ടാം വരവില്‍ നിയമസഭയിലെ ആദ്യ ദിവസം തന്നെ പിറന്നാളുകൂടിയെത്തിയപ്പോള് ക്യാപ്റ്റനിത് ഇരട്ടിമധുരത്തിന്റെ ദിവസം.
അഞ്ചുവര്‍ഷം മുമ്പ് ആദ്യ പിണറായി സര്‍ക്കാരിന്റെ സത്യപ്രതിഞ്ജയുടെ തലേദിവസമായിരുന്നു പിണറായി വിജയന് തന്റെ പിറന്നാള്‍ ദിവസത്തെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഈ വര്‍ഷം പിറന്നാളുമായി ബന്ധപ്പെട്ട് യാതൊരുവിധ ആഘോഷങ്ങളുമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പതിവുപോലെ മുഖ്യമന്ത്രി സഭയിലെത്തി.
76 വര്‍ഷങ്ങളുടെ ചരിത്രത്തില്‍ ഏറെ പ്രതിസന്ധികളേയും വെല്ലുവിളികളേയും നേരിട്ടാണ് പിണറായി വിജയന് എന്ന നേതാവ് ഇന്നത്തെ സ്ഥാനത്തെത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്ല്യാണിയുടേയും 14 മക്കളില്‍ ഏറ്റവും ഇളയ ആളായാണ് കെ. വിജയന് ജനിച്ചത്. സഹോദരങ്ങളില്‍ 11 പേരും ചെറുപ്പത്തിലെ മരിച്ചു പോയി. വിജയനും ജ്യേഷ്ഠന്
മാരായ നാണുവും കുമാരനും മാത്രമായിരുന്നു അവശേഷിച്ചത്.
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്നും സാമ്പത്തീക ശാസ്ത്രത്തില്‍ ബിഎ നേടിയ വിജയന് 23-ാം വയസ്സില്‍ സിപിഐഎം തലശ്ശേരി മണ്ഡലം സെക്രട്ടറിയായി. പിന്നിടിങ്ങോട്ട് കെ. വിജയനെ ചരിത്രം അടയാളപ്പെടുത്തിയത് പിണറായി വിജയന് എന്നായിരുന്നു. 26-ാം വയസ്സില്‍ നിയമസഭയിലേയ്ക്ക് അടിയന്തിരാവസ്ഥക്കാലത്ത് 18 മാസത്തോളം ജയിലില്‍. 1996 മുതല്‍ 1998 വരെ വൈദ്യുത മന്ത്രി. 1998 മുതല്‍ 2015 വരെ പാര്‍ട്ടി സെക്രട്ടറി. 2016 മുതല്‍ മുഖ്യമന്ത്രി. പ്രളയവും നിപ്പയും കോവിഡുമൊക്കെ വെല്ലുവിളികളായപ്പോഴും കേരളത്തെ ചേര്‍ത്തു നിര്‍ത്തിയതിന് ഒടുവില്‍ കേരളജനതയുടെ പിറന്നാള്‍ സമ്മാനം ,ചരിത്രം തിരുത്തിയെഴുതിയ തുടര്‍ഭരണം.
കാര്‍ക്കശ്യക്കാരനായ പാര്‍ട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയന് അതുകൊണ്ട് തന്നെ കേരളത്തിന്റെ മനസ്സില്‍ പിണറായിയുടെ മുഖം എന്നും കാര്ക്കശ്യക്കാരന്റേതായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന സന്ദേശവുമായി ദിവസേന വൈകുന്നേരം വാര്ത്താസമ്മേളനത്തിലെത്തുന്ന പിണറായിയുടേത് പുഞ്ചിരിക്കുന്ന മുഖമാണ്.