റൂഫ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതി വീണു മരിച്ചു : പി.പി.ചെറിയാന്‍

Spread the love

ന്യൂയോര്‍ക്ക് : വീടിനു മുകളിലുള്ള വിശാലമായ ടെറസ്സില്‍ സംഘടിപ്പിച്ച ഹൗസ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ കേംറോണ്‍ പെരില്ലി (24) എന്ന യുവതി ടെറസ്സില്‍ നിന്നും താഴേക്ക് വീണു മരിച്ചു.

Picture
ശനിയാഴ്ച രാത്രിയിലാണ് സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് ടെറസ്സില്‍ എത്തിയത്. പാര്‍ട്ടി നടന്നു കൊണ്ടിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയായതോടെ ടെറസ്സിനു സമീപം ഉയര്‍ന്നു നില്‍ക്കുന്ന മറ്റൊരു കെട്ടിടത്തിന്റെ ടെറസ്സിലേക്ക് കേംറോണ്‍ ചാടാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍ തെന്നി നിലത്തേക്കു പതിക്കുകയായിരുന്നുവെന്ന് ഇന്ന് (തിങ്കളാഴ്ച) നടത്തിയ  വാര്‍ത്താസമ്മേളനത്തില്‍ ഈസ്റ്റ് വില്ലേജ് പോലീസ് അറിയിച്ചു.
മാലാഖയെ പോലെ നിഷ്‌ക്കളങ്കയായിരുന്ന സഹോദരിയുടെ മരണം താങ്ങാവുന്നതിലേറെയാണെന്ന് സഹോദരന്‍ മൈക്കിള്‍ പെരില്‍ പറഞ്ഞു. പഠിപ്പില്‍ ഇവര്‍ അതിസമര്‍ത്ഥയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.
Picture3
ഹോക്കി ഫാനായിരുന്ന കേംറോണ്‍ കണക്ക്റ്റിക്കട്ട് ട്രംബുള്‍ ഹൈസ്‌ക്കൂളില്‍ നിന്നാണ് ഗ്രാജുവേറ്റ് ചെയ്തത്. 2019 ല്‍ ഫ്‌ളോറിഡാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥമാക്കി തേര്‍ഡ് ബ്രിഡ്ജ് ഗ്രൂപ്പില്‍ ക്ലൈയന്റ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു.
ചുറ്റും ഫെന്‍സ് വെക്കാത്ത റൂഫില്‍ പാര്‍ട്ടികള്‍ നടത്തുമ്പോള്‍ തൊട്ടടുത്ത കെട്ടിടത്തിന്റെ റൂഫിലേക്ക് ചാടാന്‍ ശ്രമിച്ചു വീണു മരിച്ച സംഭവം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.
ഇത്തരം നിയന്ത്രണം ഇല്ലാതെ നടത്തുന്ന പാര്‍ട്ടികള്‍ അപകടകരമാണെന്ന് സിറ്റി കൗണ്‍സില്‍ വുമണ്‍ കര്‍ലിന റിവറ പറഞ്ഞു. നിങ്ങള്‍ ഒരു കെട്ടിടം വാങ്ങുകയാണെങ്കില്‍ അവിടെ വരുന്നവരുടെ ജീവന്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്. അതിനാവശ്യമായ സുരക്ഷാ സംവിധാനം ഉറപ്പു വരുത്തണമെന്നും കര്‍ലിന പറഞ്ഞു. ന്യൂയോര്‍ക്കില്‍ പാന്‍ഡമിക്ക് നിയന്ത്രണങ്ങളില്‍ അയവു വരുത്തിയതോടെ പാര്‍ട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചു. നീണ്ട ഇടവേളക്കുശേഷം സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ഇങ്ങനെയൊരു ദാരുണ സംഭവം ഉണ്ടായതില്‍ എല്ലാവരും ദുഃഖിതരാണ്.

Leave a Reply

Your email address will not be published. Required fields are marked *