കോവിഡ് പ്രതിരോധം:കൊല്ലം ജില്ലാപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം-മന്ത്രി ജെ. ചിഞ്ചുറാണി

100 ശതമാനം പാലും തിങ്കളാഴ്ച മുതൽ സംഭരിക്കാൻ തീരുമാനിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി

കൊല്ലം:  ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ജില്ലാപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അലോപ്പതി-ആയുര്‍വേദ- ഹോമിയോ വിഭാഗങ്ങള്‍ക്കുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

രോഗവ്യാപനം ചെറുക്കുന്നതില്‍ പ്രതിരോധ സാമഗ്രികളുടെ ലഭ്യത പ്രധാനമാണ്. ജില്ലാ പഞ്ചായത്തിന്റെയും കെ.എം.എല്‍.എല്ലിന്റെയും സഹകരണത്തോടെ ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലും ഗ്രൗണ്ടിലും പൂര്‍ണസജ്ജമാകുന്ന കോവിഡ് ചികിത്സാ കേന്ദ്രം ജില്ലയുടെ ആരോഗ്യമേഖലയിലെ ശ്രദ്ധേയ നേട്ടമാണ്. കോവിഡ് പ്രതിരോധത്തില്‍ തൃതല പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും അഭിനന്ദനനാര്‍ഹമാണ്, മന്ത്രി പറഞ്ഞു.

ദീര്‍ഘവീക്ഷണത്തോടെയുള്ള കര്‍മ്മപദ്ധതികളിലൂടെ കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യവകുപ്പിന് ശക്തമായ പിന്തുണയാണ് ജില്ലാപഞ്ചായത്ത് നല്‍കികൊണ്ടിരിക്കുന്നതെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പ്രസിഡന്റ് സാം കെ. ഡാനിയല്‍ പറഞ്ഞു.

അലോപ്പതി വിഭാഗത്തില്‍ 70 ലക്ഷം രൂപയുടെയും ആയുര്‍വേദ-ഹോമിയോ വിഭാഗങ്ങളില്‍ യഥാക്രമം 15 ഉം 10 ലക്ഷം രൂപയുടെയും പ്രതിരോധ സാമഗ്രികളാണ് വിതരണം ചെയ്തത്. അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. അസുന്താ മേരി, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. എസ്. പ്രദീപ് തുടങ്ങിയവര്‍ പ്രതിരോധ സാമഗ്രികള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.

Leave Comment