കോവിഡിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഒരു അധ്യയനവര്‍ഷം കൂടി ആരംഭിക്കുകയാണ്. സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ ഓണ്‍ലൈനിലാണ് ക്ലാസുകള്‍. ഓണ്‍ലൈനില്‍ പുതുവര്‍ഷം ആരംഭിച്ച കുട്ടികള്‍ക്ക് ആശംസയുമായി സൂപ്പര്‍ സ്റ്റാര്‍ മമ്മുട്ടി എത്തിയിരിക്കുകയാണ്. വീഡിയോ സന്ദേശത്തിലൂടെയാണ് മമ്മൂട്ടി കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്.

പഴയ പുസ്തകങ്ങളുടെ മണം ഇന്നും തന്റെ മനസ്സില്‍ മായാതെ കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് മമ്മൂട്ടി സന്ദേശത്തില്‍ പറയുന്നുണ്ട്. വിദ്യാഭ്യാസവകുപ്പാണ് വീഡിയോ പുറത്തിറക്കിയത്. പല പ്രമുഖരും ഇതിനകം തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കഴിഞ്ഞു.
മമ്മൂട്ടിയുടെ ആശംസയുടെ പൂര്‍ണ്ണരൂപം

കാലം ഒട്ടും നമുക്ക് അനുകൂലമല്ല. നമുക്ക് നമ്മുടെ അധ്യയനം ഒഴുവാക്കാനാവില്ല. അതിനാല്‍ നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ പ്രവര്‍ത്തകരും ചേര്‍ന്ന് അതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഒരുക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ ക്ലാസ്‌റൂമുകള്‍ ഒരുക്കി നമ്മള്‍ മറ്റുള്ളവര്‍ക്ക് മാതൃകയായി. ഇക്കൊല്ലം ഒരു പടികൂടി കടന്ന് ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസ്‌റൂമുകളാണ് ഒരുക്കിയിരിക്കുന്നത്. സന്തോഷമായില്ലേ. എല്ലാവരും നല്ല രീതിയില്‍ പഠിക്കുക.ഈ നാടിന്റെ ഈ സമൂഹത്തിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ നിങ്ങളിലാണ്. നല്ല പൗരന്മാരാവുക, നല്ല മനുഷ്യരാവുക, വിജയിച്ചുവരിക.