ഓൺലൈൻ അധ്യയന സംവിധാനത്തിന് 10 കോടി, ബജറ്റിൽ

Spread the love
വിക്ടേഴ്സ് ചാനൽ വഴി രണ്ടാം ഘട്ട ഓൺലൈൻ ക്ലാസുകൾ തിങ്കളാഴ്ച | Victors Channel | Online Class | Manorama Online
കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതി, ടെലി- ഓൺലൈൻ കൗൺസിലിങിന്  സ്ഥിരം സംവിധാനം, സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ പൊതു ഓൺലൈൻ അധ്യയന സംവിധാനത്തിന് 10 കോടി, ബജറ്റിൽ വിദ്യാഭ്യാസ മേഖലയെ പരിഗണിച്ചത് ഇങ്ങനെ*
അധ്യാപകരും സഹപാഠികളും ചേർന്ന ആനന്ദകരമായ സ്കൂൾ അന്തരീക്ഷത്തിൽനിന്ന് വീട്ടിലെ നാലുചുമരുകൾക്കുള്ളിലേക്ക് ചുരുക്കപ്പെട്ട കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി വിവിധ കർമ്മപരിപാടികൾ നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുവെന്ന് സംസ്ഥാന ബജറ്റ് വ്യക്തമാക്കുന്നു. ഈ വിഷയത്തെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി വിദ്യാഭ്യാസ,ആരോഗ്യ, സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിക്കും.
കോവിഡ് രോഗവ്യാപനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠ സൃഷ്ടിക്കുന്നതോടൊപ്പം വിവിധ മാനസിക, ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിനായി ടെലി-ഓൺലൈൻ സംവിധാനങ്ങളിലൂടെ കൗൺസിലിംഗ് നൽകുന്നതിനായി ഒരു സ്ഥിരം സംവിധാനം ആരംഭിക്കും.
 കൈറ്റ് – വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകളോടൊപ്പം അതാത് വിദ്യാലയങ്ങളിലെ അധ്യാപകർ നയിക്കുന്ന ഓൺലൈൻ ക്ലാസുകൾ കൂടി സംഘടിപ്പിക്കും. വെർച്വൽ- ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ ഒരു പൊതു ഓൺലൈൻ അധ്യയന സംവിധാനം സൃഷ്ടിക്കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു.
കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനും കലാ – കരകൗശല സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും തെരഞ്ഞെടുത്ത സൃഷ്ടികൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും. കുട്ടികൾക്ക് ഇതിനാവശ്യമായ പരിശീലനവും വിക്ടേഴ്സ് ചാനൽ മുഖേന നൽകും.
കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി യോഗ അടക്കമുള്ള വ്യായാമമുറകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക ഫിസിക്കൽ എജുക്കേഷൻ സെഷനുകൾ  വിക്ടേഴ്സ്  ചാനൽ വഴി സംപ്രേഷണം ചെയ്യും.
വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് രണ്ട് ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നതിനുള്ള കെഎസ്എഫ്ഇ സ്കീം സമയബന്ധിതമായി നടപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *