ടെക്‌സസ് നൂറു ശതമാനവും പ്രവര്‍ത്തന സജ്ജമായി. പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചു : പി പി ചെറിയാന്‍

ഓസ്റ്റിന്‍: ടെക്‌സസ്സിലെ ബിസിനസ് സ്ഥാപനങ്ങള്‍ യാതൊരു കാരണവശാലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ, വാക്‌സിന്‍ പാസ്‌പോര്‍ട്ടോ ചോദിക്കുന്നതില്‍ കര്‍ശന വിലക്കേര്‍പ്പെടുത്തുന്ന ഉത്തരവ് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ജൂണ്‍ 7 തിങ്കളാഴ്ച ഒപ്പുവെച്ചു.

   ടെക്‌സസ് നൂറുശതമാനവും പ്രവര്‍ത്തന സജ്ജമായിരിക്കുന്നു.സംസ്ഥാനത്തു ഇന്നു മുതല്‍ കോവിഡ് സംബന്ധിച്ചു യാതൊരു നിയന്ത്രണങ്ങളോ, പരിമിതികളോ, പരിധികളോ ഉണ്ടായിരിക്കുന്നതല്ലെന്ന് ഗവര്‍ണ്ണര്‍ ഉത്തരവില്‍ വ്യക്തമാക്കി.
ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ കോവിഡിനെ സംബന്ധിച്ചു യാതൊരു ചോദ്യവും ഉണ്ടായിരിക്കുന്നതല്ലെന്നും, കോവിഡിനു മുമ്പ് എങ്ങനെയായിരുന്നുവോ, ആളുകള്‍ പ്രവേശിച്ചു കൊണ്ടിരുന്നതു ആ സ്ഥിതിയിലേക്കു കാര്യങ്ങള്‍ എത്തിനില്‍ക്കുന്നതായും ഗവര്‍ണ്ണര്‍ അറിയിച്ചു.
ടെക്‌സസില്‍ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നുവെന്നതും, കോവിഡ് വാക്‌സിന്‍ ആവശ്യമുള്ളവര്‍ക്ക് ഇതിനകം നല്‍കി കഴിഞ്ഞുവെന്നതും സി.ഡി.സി. നിയന്ത്രങ്ങള്‍ക്ക് അയവു വരുത്തിയതുമാണ് പുതിയ ഉത്തരവിന് ഗവര്‍ണ്ണറെ പ്രേരിപ്പിച്ചത്.

മെമ്മോറിയല്‍ ഡേ കഴിഞ്ഞാല്‍ രോഗവ്യാപനം വര്‍്ദ്ധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലും, കൂടുതല്‍ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. ഇതിനകം തന്നെ മാസ്‌ക് ധരിക്കാതെ ആളുകള്‍ യഥേഷ്ടം പുറത്ത് സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ടെക്‌സസ്സിലെ പല ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, പ്രത്യേകിച്ചു മലയാളികള്‍ കൂടിവരുന്നിടങ്ങളിലും, ദേവാലയങ്ങളിലും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Leave Comment