അലിഷാ മൂപ്പന്‍ തോട്ട് ലീഡര്‍ഷിപ്പ് ആന്റ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍

Spread the love

കൊച്ചി: ശാസ്ത്രം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ തോട്ട് ലീഡര്‍ഷിപ്പ് ആന്റ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്റെ (ടിഎല്‍ഐ), ഡയറക്ടര്‍ ബോര്‍ഡ് അംഗമായി
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലിഷാ മൂപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടു.

റീജനറേറ്റീവ് മെഡിസിനും വിട്ടുമാറാത്ത രോഗങ്ങളും കൂടാതെ, അവയവങ്ങളുടെ നഷ്ടം, റിഹാബിലിറ്റേറ്റീവ് മെഡിസിന്‍, മാനസികാരോഗ്യത്തില്‍ കോവിഡ് 19 മഹാമാരിയുടെ പ്രഭാവം എന്നിവ ഉള്‍പ്പെടെ ആഗോള ആരോഗ്യരംഗത്ത് കേന്ദ്രീകരിക്കുന്ന ടിഎല്‍ഐ പ്രോഗ്രാമുകളുടെയും പദ്ധതികളുടെയും വ്യാപ്തിയും സാധ്യതകളും വിപുലീകരിക്കാന്‍, അലീഷാ മൂപ്പന്റെ ആരോഗ്യ പരിചരണ രംഗത്തെ ശ്രദ്ധേയമായ നേതൃത്വപരമായ പരിചയസമ്പന്നതയും, ആഗോള ആരോഗ്യരംഗത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും സഹായകമാകും.

അലീഷയെ പോലെ പരിചയസമ്പന്നതയും വൈദഗ്ദ്ധ്യവുമുള്ള ഒരു വനിത ടിഎല്‍ഐ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ടിഎല്‍ഐയുടെ സ്ഥാപകനും ചെയര്‍മാനുമായ ബില്‍ ഓള്‍ഡ്ഹാം പറഞ്ഞു. അന്തര്‍ദ്ദേശീയ തലങ്ങളില്‍ സ്വാധീനമുള്ള വ്യക്തിയാണ് അലിഷ. ലോകത്തെവിടെയുമുള്ള ആളുകള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി എന്ത് തന്നെയായാലും അവര്‍ എവിടെ നിന്നുള്ളവരായാലും മികച്ച ഗുണനിലവാരമുള്ള ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനുള്ള തിരിച്ചറിവും, അനുകമ്പയുമുള്ള വ്യക്തിയാണ് അവര്‍. ആഭ്യന്തര, അന്തര്‍ദേശീയ ആരോഗ്യ പരിചരണത്തെ ബാധിക്കുന്ന നിര്‍ണായക വിഷയങ്ങളില്‍ നൂതനമായ സംരംഭങ്ങളിലേക്ക് കടക്കുന്ന ഈ ഘട്ടത്തില്‍ അലീഷയുടെ വിലയേറിയ ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും പങ്കാളിത്തവും ടിഎല്‍ഐ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിഎല്‍ഐയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്ന് അലീഷ മൂപ്പന്‍ പറഞ്ഞു.  ടിഎല്‍ഐയുടെ നൂതനവും ദീര്‍ഘവീക്ഷണം നിറഞ്ഞതുമായ പദ്ധതികളിലൂടെ കൂടുതല്‍ ആളുകള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം നല്‍കുന്നതില്‍ തനിക്കും ഒരു പങ്കുവഹിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കി.

റിപ്പോർട്ട്  :   Reshmi Kartha

Leave a Reply

Your email address will not be published. Required fields are marked *