പത്തനംതിട്ട : വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നടപ്പാക്കിയ എഡ്യൂ- കെയര്‍ പദ്ധതിയിലേക്ക് 40 മൊബൈല്‍ ഫോണുകളും 15 എല്‍ഇഡി ടെലിവിഷനും നല്‍കി നൈല്‍ & ബ്ലൂ ഹില്‍ ഗ്രൂപ്പ് ഉടമ ജോബി പി സാം മാതൃകയായി. തണ്ണിതോട് എസ്. എന്‍.ഡി.പി ഓഡിറ്റോറിയത്തില്‍ ഗ്രൂപ്പിന്റെ പ്രതിനിധി ഷിബു പി സാം അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയ്ക്ക് മൊബൈല്‍ ഫോണുകളും ടിവിയും കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, സിപിഐഎം തണ്ണിത്തോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ പ്രസാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാന്‍ എഡ്യൂ കെയര്‍ – ഇ ലേണിംഗ് ചലഞ്ച് എന്ന പേരിലാണ് എംഎല്‍എ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ലഭ്യമാക്കി നല്കുകയും നെറ്റ്വര്‍ക്ക് കവറേജ് ലഭ്യമല്ലാത്ത പ്രദേശത്ത് കവറേജ് ലഭ്യമാക്കി നല്കുകയും ചെയ്യുന്ന പദ്ധതിയാണിത്. പദ്ധതിയിലേക്ക് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും മൊബൈല്‍ ഫോണ്‍ വാങ്ങി നല്കാം. ഇങ്ങനെ ലഭിക്കുന്ന ഫോണുകള്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് എംഎല്‍എ എത്തിച്ചു നല്കും.
പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്കുകയോ, ഒന്നിലധികം ഫോണുകളുള്ളവര്‍ക്ക് ഉപയോഗയോഗ്യമായ സ്മാര്‍ട്ട് ഫോണുകള്‍ നല്കുകയോ ചെയ്യാം. പദ്ധതിയിലേക്ക് പണം സ്വീകരിക്കുകയില്ല. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഉപകരണങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികളുടെ ലിസ്റ്റ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ എംഎല്‍എയ്ക്ക് രേഖാമൂലം നല്കിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കാണ് എംഎല്‍എ സ്മാര്‍ട്ട് ഫോണ്‍ നല്കുന്നത്. ഹെഡ്മാസ്റ്റര്‍മാര്‍ നല്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുട്ടികള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാകുന്നതോടെ ഓണ്‍ലൈന്‍ പഠന സൗകര്യം കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ കുട്ടികള്‍ക്കും ലഭിക്കും.
നെറ്റ്വര്‍ക്ക് കവറേജിന്റെ പ്രശ്‌നം നിലനില്ക്കുന്നിടത്ത് കവറേജ് ലഭ്യമാക്കി നല്കുന്നതും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. പദ്ധതിയിലേക്ക് സഹായവുമായി നിരവധി ആളുകള്‍ വിളിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ഒരു കുട്ടി പോലും പഠന സൗകര്യമില്ലാത്തവരായി നമ്മുടെ നാട്ടില്‍ ഉണ്ടാവാന്‍ പാടില്ല. അതിനായി സുമനസുകളായ എല്ലാവരുടെയും സഹായം അഭ്യര്‍ഥിക്കുന്നതായും എംഎല്‍എയും, പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് ആക്ലേത്തും പറഞ്ഞു.