സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷം മേയ് 20 മുതല്‍ ജൂണ്‍ അഞ്ച് വരെ

Spread the love

                       

സംസ്ഥാനമെമ്പാടും വിവിധ പരിപാടികള്‍ * ഔപചാരിക ഉദ്ഘാടനം മേയ് 25ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിക്കും * സമാപനം ജൂണ്‍ അഞ്ചിന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ മേയ് 20 മുതല്‍ ജൂണ്‍ അഞ്ചു വരെ വിവിധ പരിപാടികളോടെ സംസ്ഥാനമാകെ സംഘടിപ്പിക്കുമെന്ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം മേയ് 25ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അതിഥികളാകുന്ന ചടങ്ങില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ ആയിരം മണ്‍ചെരാതുകള്‍ തെളിക്കും. നഗരകുടിവെള്ള പദ്ധതിയില്‍ നെയ്യാറില്‍നിന്ന് അരുവിക്കര വെള്ളമെത്തിക്കാന്‍ പ്രവര്‍ത്തിച്ച ജീവനക്കാരെ ചടങ്ങില്‍ ആദരിക്കും. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണനേട്ടങ്ങളില്‍ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരും തൊഴിലാളികളും പങ്കാളികളാണ്. ഇവരുടെ സേവനങ്ങളെ അംഗീകരിക്കുന്നതിന്റെ പ്രതീകമാണീ ആദരിക്കല്‍ ചടങ്ങ്. തുടര്‍ന്ന് ബാലഭാസ്‌കര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, രഞ്ജിത്ത് ബാരോട്ട്, ഫസല്‍ ഖുറേഷി എന്നിവര്‍ അവതരിപ്പിക്കുന്ന ബിഗ് ബാന്റ് അരങ്ങേറും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 20ന് വൈകിട്ട് അഞ്ചിന് പത്തനംതിട്ട റാന്നിയില്‍ സിവില്‍ സ്‌റ്റേഷന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 21ന് ഇടുക്കി കട്ടപ്പനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയവിതരണം നടത്തും. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. അന്നുതന്നെ, രാവിലെ 11ന് വയനാട് കാരാപ്പുഴ ടൂറിസം പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. 22ന് വൈകിട്ട് നാലിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ വ്യവസായ, വിദ്യാഭ്യാസ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന കൈത്തറി യൂണിഫോം വിതരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മന്ത്രിസഭയുടെ ഒരുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ പ്രതിപാദിക്കുന്ന പ്രദര്‍ശനവും സംഘടിപ്പിക്കും. പ്രദര്‍ശനം 27 വരെ തുടരും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ മാധ്യമരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് ‘റെസ്‌പോണ്‍സിബിള്‍ മീഡിയ’ എന്ന വിഷയത്തില്‍ നടക്കുന്ന മാധ്യമ സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 23ന് വൈകിട്ട് അഞ്ചിന് കൊല്ലം പുനലൂരില്‍ ലൈഫ് മിഷന്റെ ഭാഗമായി നിര്‍മിക്കുന്ന ഫ്‌ളാറ്റുകളുടെ തറക്കല്ലിടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 24ന് രാവിലെ 10ന് ‘വഴികാട്ടുന്ന കേരളം’ എന്ന വിഷയത്തില്‍ കൊല്ലത്ത് സെമിനാര്‍ സംഘടിപ്പിക്കും. അന്നേദിവസം വൈകിട്ട് അഞ്ചിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ‘ആര്‍ദ്രം’ പദ്ധതിയുടെ ഭാഗമായി ഒ.പി നവീകരണ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ 11ന് കൊല്ലത്ത് നടക്കുന്ന ‘മത്‌സ്യോത്‌സവം’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ പ്രധാന മാധ്യമങ്ങളുടെ പത്രാധിപന്‍മാരുമായുള്ള മുഖ്യമന്ത്രിയുടെ ‘എഡിറ്റേഴ്‌സ് മീറ്റ്’ നടക്കും. 28ന് രാവിലെ 10ന് തൃശൂരില്‍ കായികമന്ത്രി എ.സി. മൊയ്തീന്‍ ‘ഓപ്പറേഷന്‍ ഒളിമ്പ്യ’ പദ്ധതി ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് തൃശൂര്‍ ലളിതകലാ അക്കാദമി ഹാളില്‍ ചിത്രകലാപ്രദര്‍ശനവും കരകൗശല മേളയും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ആലപ്പുഴയില്‍ അന്ന് വൈകിട്ട് നാലിന് നടക്കുന്ന കുടുംബശ്രീ വാര്‍ഷികം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ എട്ടിന് ആറന്‍മുളയില്‍ നടക്കുന്ന വരട്ടാര്‍ പുനരുജ്ജീവന പദ്ധതി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. അന്നേദിവസം, രാവിലെ 10ന് മലപ്പുറം തുഞ്ചന്‍പറമ്പില്‍ സാംസ്‌കാരിക കൂട്ടായ്മയും ടൂറിസം പദ്ധതി ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അന്ന്, ഉച്ചക്ക് 12ന് കോഴിക്കോട് തിരുവങ്ങൂര്‍ കാലിത്തീറ്റ ഫാക്ടറി കമ്മീഷനിംഗും ഉത്പന്നങ്ങളുടെ വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അന്നുതന്നെ, വൈകിട്ട് മൂന്നിന് കോഴിക്കോട് സൈബര്‍ പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അതേദിവസം, വൈകിട്ട് 4.30ന് സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മേയ് 30ന് രാവിലെ 10ന് എറണാകുളം ടൗണ്‍ ഹാളില്‍ നവതലമുറ വ്യവസായങ്ങളും കേരളവും എന്ന സെമിനാറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അന്ന്, രാവിലെ 10ന് ‘കാര്‍ഷികകേരളം: ഭാവിയും വെല്ലുവിളികളും’ എന്ന സെമിനാര്‍ കോട്ടയത്ത് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് തന്നെ, കൊല്ലത്ത് മത്‌സ്യത്തൊഴിലാളികള്‍ക്കുള്ള സൈക്കിള്‍ വിതരണം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ നിര്‍വഹിക്കും. അന്നുതന്നെ, രാവിലെ 11ന് തിരുവനന്തപുരത്ത് കൃഷി വകുപ്പിന്റെ ‘സമേതി’ കെട്ടിട ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. വൈകിട്ട് മൂന്നുമണിക്ക് കോട്ടയത്ത് വിദ്യാഭ്യാസ വായ്പാ സഹായപദ്ധതി വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അന്ന് വൈകിട്ട് അഞ്ചിന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആലുവയില്‍ നടക്കും. 31 ന് വൈകിട്ട് അഞ്ചിന് വര്‍ക്കലയില്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ജൂണ്‍ ഒന്നിന് രാവിലെ 10ന് വയനാട് മുള്ളംകൊല്ലിയില്‍ പുല്‍പ്പള്ളി നീര്‍ത്തടാധിഷ്ഠിത പദ്ധതിയായ ‘സുജലം സുലഭം’ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. അന്ന് വൈകിട്ട് അഞ്ചിന് വിഴിഞ്ഞം തുറമുഖം ബര്‍ത്ത് പൈലിംഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രണ്ടാംതീയതി വൈകിട്ട് മൂന്നുമണിക്ക് ‘അഴിമതിരഹിത ഭരണം, ഭരണ നവീകരണം’ സെമിനാര്‍ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ രണ്ടിന് രാവിലെ 10ന് കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ഫിലിം ആര്‍ക്കൈവ്‌സിന്റെ തറക്കല്ലിടല്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. മൂന്നാംതീയതി രാവിലെ 10ന് വയനാട്ടില്‍ ‘ആദിവാസി ഗോത്രബന്ധു’ എന്ന ഗോത്ര ഭാഷാധ്യാപക നിയമന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അന്നുതന്നെ, വൈകിട്ട് നാലരയ്ക്ക് കര്‍മ റോഡ് ഒന്നാംഘട്ട ഉദ്ഘാടനവും രണ്ടാംഘട്ട ശിലാസ്ഥാപനവും മലപ്പുറത്ത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ജൂണ്‍ നാലിന് വൈകിട്ട് മൂന്നിന് കണ്ണൂരില്‍ മതസൗഹാര്‍ദ്ദ സമ്മേളനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ അഞ്ചിന് രാവിലെ 10ന് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വൃക്ഷത്തൈ നടീല്‍ ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. അന്നുതന്നെ രാവിലെ 10ന് കോഴിക്കോട് നടക്കാവ് സ്‌കൂളില്‍ നടക്കുന്ന ‘നന്മമരം വിതരണം’ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കണ്ണൂരില്‍ പാഠപുസ്തക വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. വൈകിട്ട് ആറുമണിക്ക് കോഴിക്കോട് ബീച്ചില്‍ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, സംഗീതസന്ധ്യ അരങ്ങേറും.

 

Author

Leave a Reply

Your email address will not be published. Required fields are marked *