കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി: സ്ഥലം ഏറ്റെടുക്കൽ ഡിസംബറിൽ പൂർത്തിയാക്കും

Spread the love
വ്യവസായ വികസന രംഗത്ത് വൻമുന്നേറ്റം സൃഷ്ടിക്കുന്ന കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കാൻ വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ്. പാലക്കാട്, എറണാകുളം ജില്ലകളിലായിപദ്ധതിക്കുവേണ്ടി കണ്ടെത്തിയ 2220 ഏക്കർ ഭൂമിനടപടികൾ പൂർത്തിയാക്കി ഏറ്റെടുത്ത്പദ്ധതി നടത്തിപ്പിനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്പ്മെന്റ് കോർപ്പറേഷന് കൈമാറും.
പാലക്കാട് കണ്ണമ്പ്രയിൽ 312 ഉം പുതുശ്ശേരി സെൻട്രലിൽ 600ഉം പുതുശ്ശേരി ഈസ്റ്റിൽ 558 ഉം ഒഴലപ്പതിയിൽ 250 ഉം ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനായുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു. ഇതിലുൾപ്പെട്ട 310 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 95 ശതമാനം നടപടികളും പൂർത്തിയാക്കി. മറ്റിടങ്ങളിൽ സ്ഥലമേറ്റെടുക്കൽ നിയമപ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും പബ്ളിക്ക് ഹിയറിങ് ആരംഭിക്കുകയും ചെയ്തു. പാലക്കാട് സ്ഥലം ഏറ്റെടുക്കുന്നതിനായി 346 കോടി രൂപ കിൻഫ്രയ്ക്ക് നേരത്തെ കൈമാറിയിരുന്നു. എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ ഇടനാഴിയുടെ ഭാഗമായുള്ള ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് 500 ഏക്കർ സ്ഥലം ഏറ്റെടുക്കും. ഇതിനുള്ള ഭരണാനുമതി നൽകി. കിൻഫ്ര 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായ സാമൂഹിക ആഘാത പഠനവും പൂർത്തിയാക്കി. പൊതുജനങ്ങളിൽ നിന്നുള്ള തെളിവെടുപ്പ് ജൂലൈ 8, 9, 10 തീയതികളിൽ നടക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. പരമാവധി കെട്ടിടങ്ങൾ ഒഴിവാക്കിയാണ് സ്ഥലം ഏറ്റെടുക്കുക. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടവരുത്താത്ത സേവനമേഖലാ വ്യവസായങ്ങളാണ് അയ്യമ്പുഴയിൽ ഉണ്ടാവുക. സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നതിന് കലണ്ടർ തയ്യാറാക്കും. വ്യവസായ ഇടനാഴിയുടെ തുടർ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ദൈനംദിന വിലയിരുത്തലിനുമായി പ്രത്യേക വെബ് പോർട്ടലിന് കിൻഫ്ര രൂപംനൽകും.
കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കുക.
ഭക്ഷ്യവ്യവസായം, ഫാർമസ്യൂട്ടിക്കൽസ്, ലഘുഎഞ്ചിനീയറിംഗ് വ്യവസായം, ബൊട്ടാണിക്കൽ ഉൽപന്നങ്ങൾ, ടെക്സ്റ്റെൽ സ്, ഖരമാലിന്യ റീസൈക്ലിംഗ്, ഇലക്ട്രോണിക്സ്, ഐ.ടി ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ് തുടങ്ങിയ ക്ലസ്റ്ററുകൾ ആണ് ഇടനാഴിയുടെ ഭാഗമായ പാലക്കാട് കേന്ദ്രത്തിൽ ഉണ്ടാവുക. 83000 തൊഴിലവസരങ്ങളാണ് പാലക്കാട് ക്ളസ്റ്ററുകളിൽ പുതുതായി സൃഷ്ടിക്കപ്പെടുക. കളമശ്ശേരി കിൻഫ്ര പാർക്ക് ആസ്ഥാനമായി സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ കെ. ഐ.സി.ഡി സി പ്രവർത്തനം തുടങ്ങുകയും ചെയ്തു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, കിൻഫ്ര എം.ഡി. സന്തോഷ് കോശി തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *