പാഠപുസ്തകങ്ങൾ ഓഡിറ്റ് ചെയ്യപ്പെടണം : മന്ത്രി വി ശിവൻകുട്ടി


on June 25th, 2021
ലിംഗ തുല്യതയുടേയും ലിംഗനീതിയുടേയും ലിംഗാവബോധത്തിന്റേയും കാഴ്ചപ്പാടിൽ പാഠപുസ്തകങ്ങൾ ഓഡിറ്റ് ചെയ്യപ്പെടണം;പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ഈ കാര്യങ്ങളിൽ ഗൗരവമായ പരിഗണന ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി*
ലിംഗ തുല്യതയുടേയും ലിംഗനീതിയുടേയും ലിംഗാവബോധത്തിന്റേയും കാഴ്ചപ്പാടിൽ പാഠപുസ്തകങ്ങൾ ഓഡിറ്റ് ചെയ്യപ്പെടണമെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി.ജനാധിപത്യ മതനിരപേക്ഷ സമൂഹത്തിന്റെ അടിത്തറതന്നെ തുല്യതയിലും നീതിയിലും അധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ
“സ്ത്രീ-പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകള്‍ നമ്മുടെ സമൂഹത്തിന് ആവശ്യമായ കാലമാണിത്.അതിനുതകുന്ന പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും.
ആധുനിക സമൂഹമെന്ന നിലയ്ക്ക് വിജ്ഞാന സമ്പദ്ഘടനയിലേക്കു കേരളത്തെ പരിവര്‍ത്തിപ്പിക്കാനാണ് നാം ശ്രമിക്കുന്നത്. അതിനു ഉയര്‍ന്ന അറിവും ശേഷിയും ഉള്ള തലമുറയെ വാര്‍ത്തെടുക്കേണ്ടതുണ്ട്. അവിടെ ലിംഗപരമായ ഉച്ചനീചത്വങ്ങള്‍ക്ക് സ്ഥാനമുണ്ടാവില്ല എന്നുറപ്പു വരുത്താനുള്ള ഉത്തരവാദിത്തം നാം ഓരോരുത്തര്‍ക്കും ഉണ്ട്. ”  – മുഖ്യമന്ത്രിയുടെ വാക്കുകളുടെ ഉള്ളടക്കത്തെ വിദ്യാഭ്യാസ വകുപ്പ് സമഗ്രമായി ഉൾക്കൊള്ളുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂൾ വിദ്യാഭ്യാസത്തിന് ഇക്കാര്യത്തിൽ പ്രധാനമായ ഒരു പങ്കുണ്ട്. ആയതിനാൽ ഈ ദിശയിലുള്ള പഠനങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം സജീവമായി പരിഗണിക്കും. ജ്ഞാന സമൂഹത്തിലേക്ക് കേരളത്തെ പരിവർത്തിപ്പിക്കാനുള്ള ശ്രമം വളർത്തിയെടുക്കും.
എല്ലാവർക്കും കഴിവുകളുണ്ട്. ആ കഴിവുകളാണ് ജീവിതത്തിൽ ഉപയോഗിക്കപ്പെടേണ്ടത്.സ്കൂൾ ക്യാമ്പസുകൾ ലിംഗ തുല്യത, ലിംഗനീതി, ലിംഗാവബോധം തുടങ്ങിയവ ഉൾക്കൊള്ളുന്ന ഇടങ്ങളായി മാറണം. അത്തരത്തിൽ സ്കൂൾ ക്യാമ്പസുകളെ വളർത്തിയെടുക്കണം.ഇതിനായി ഉള്ളടക്കത്തിലും പഠനപ്രക്രിയയിലും മാറ്റങ്ങൾ ഉണ്ടാകണം. ലിംഗതുല്യതക്ക് തടസമായി നിൽക്കുന്ന വാചകങ്ങളും വാക്കുകളും ഉണ്ടോയെന്ന് പരിശോധിച്ച് മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ അത് വരുത്തണം. ശക്തിയെ ശക്തിപ്പെടുത്താനും പരിമിതികളെ മറികടക്കാനും ബോധപൂർവ്വമായ ശ്രമം നടത്തണം.
പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ഈ കാര്യങ്ങളിൽ ഗൗരവമായ പരിഗണന ഉണ്ടാകും. ലിംഗനീതിയും ലിംഗ തുല്യതയും ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകും. ഭരണഘടനാ മൂല്യങ്ങൾ ഉളവാകുന്നതിനും പൗരബോധം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *