ഫ്‌ളോറിഡാ: കഴിഞ്ഞ വ്യാഴാഴ്ച തകര്‍ന്നു വീണ ബഹുനില കെട്ടിടത്തിലെ 302ാം നമ്പര്‍ മുറിയിലെ ലാന്‍ഡ് ഫോണില്‍ നിന്നും കോള്‍ വരുന്നതായി കെട്ടിടത്തില്‍ താമസിച്ചിരുന്ന ദമ്പതിമാരുടെ ചെറുമകന്‍ സാമുവേല്‍സണ്‍ വെളിപ്പെടുത്തി. ഇതുവരെ പതിനാറു ഫോണ്‍കോളുകള്‍ ലഭിച്ചിട്ടുണ്ട്.
ചാംപ്ലെയ്ന്‍ ടവേഴ്‌സിലെ 302ാം നമ്പര്‍ മുറിയില്‍ താമസിച്ചിരുന്ന റിട്ടയേര്‍ഡ് ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകനായിരുന്ന ആര്‍നി (87), ബാങ്കറും റിയല്‍ എസ്റ്റേറ്റ് ഏജന്റുമായിരുന്ന മിറിയം (81) എന്നീ ദമ്പതിമാര്‍ മുറിയില്‍ ഉപയോഗിച്ചിരുന്ന ഹോം ഫോണ്‍ നമ്പറില്‍ നിന്നും ആദ്യമായി വിളി എത്തിയത് കെട്ടിടം തകര്‍ന്ന് വീണ വാര്‍ത്ത വീട്ടിലിരുന്നു കാണുന്ന സമയത്തായിരുന്നുവെന്നു സാമുവേല്‍സണ്‍ പറഞ്ഞു. ഉടനെ തിരിച്ചു വിളിച്ചുവെങ്കിലും മറുപടി ലഭിച്ചില്ല. അടുത്ത ദിവസം പിന്നെയും നിരവധി തവണ ഫോണ്‍ കോള്‍ വന്നു. വിവരം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും സാമുവേല്‍സണ്‍ പറഞ്ഞു.
അതേസമയം കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടു പോയവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഞായറാഴ്ചയോടെ ഒന്‍പതു പേരുടെ മൃതദേഹം കണ്ടെടുത്തു.
ശനിയാഴ്ച വരെ തകര്‍ന്നു വീണ കെട്ടിടത്തില്‍ നിന്നും ഉയര്‍ന്നിരുന്ന തീയും, പുകപടലങ്ങളും പൂര്‍ണ്ണമായി നീക്കുവാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ കഠിന പ്രയത്‌നം ചെയ്തിരുന്നു. 125 അടി നീളവും, 20 അടി വീതിയും, 40 അടി താഴ്ചയുമുള്ള വലിയൊരു ട്രഞ്ച് ഉണ്ടാക്കി കാണാതായവരെ കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തിയിരുന്നു.