ഹോർട്ടികോർപ്പിന്റെ ‘വാട്ടുകപ്പ’ വിപണിയിൽ

Spread the love

കൃഷിവകുപ്പിന്റെയും ഹോർട്ടികോർപ്പിന്റെയും വിപണി ഇടപെടലുകളുടെ ഭാഗമായുള്ള നൂതന സംരംഭമായ ‘വാട്ടുകപ്പ’യുടെ വിപണി ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിർവഹിച്ചു. കൃഷിമന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എയും സന്നിഹിതനായിരുന്നു.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുനിലങ്ങളിലെല്ലാം കൃഷി വ്യാപകമാക്കിയപ്പോൾ ഏറ്റവുമധികം ഉത്പാദനം ഉണ്ടായ ഒരു വിളയാണ് മരച്ചീനി. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ലോക്ഡൗൺ കൂടിയായപ്പോൾ വിളവെടുത്ത കപ്പയ്ക്ക് വിപണി ലഭിക്കാതെയായി. ഈ അവസരത്തിലാണ് കൃഷിവകുപ്പിന്റെ വിപണി ഇടപെടൽ കർഷകർക്ക് ഗുണപ്രദമായത്. കൃഷിവകുപ്പ്-ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ കപ്പ സംഭരണം കഴിഞ്ഞ മാസം തന്നെ ആരംഭിക്കുകയായിരുന്നു. സംഭരിച്ച കപ്പ പ്രത്യേക സാങ്കേതിക വിദ്യയാൽ പ്രാഥമിക സംസ്‌കരണം നടത്തി വാട്ടുകപ്പയാക്കി ഹോർട്ടികോർപ്പ് ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷമാണ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് സുഭിക്ഷ കേരളം പദ്ധതി ആരംഭിക്കുന്നത്. ഇതിന്റെ ഫലമായി കേരളത്തിൽ ലഭ്യമായ തരിശുഭൂമി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് വാഴ, പച്ചക്കറി, നെല്ല്, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവ കൃഷി ചെയ്ത് ഭക്ഷ്യ ഉത്പാദനത്തിൽ വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. ഇതിൽ മരച്ചീനി കൃഷി താരതമ്യേന ചെലവ് കുറവാണ്. കൂടാതെ കാർഷിക പ്രവൃത്തികൾ ലളിതവുമായതിനാൽ വിസ്തൃതിയിലും ഉത്പാദനത്തിലും വൻ മുന്നേറ്റം സാധ്യമായി. സംസ്ഥാനത്ത് 13,000 ടൺ മരച്ചീനിയാണ് അധികമായി ഉത്പാദിപ്പിക്കപ്പെട്ടത്. അധിക ഉത്പാദനം വിപണനത്തിന് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ്, സംസ്ഥാന സർക്കാർ തീരുമാനിച്ച അടിസ്ഥാന വിലയായ 12 രൂപയ്ക്ക് മരച്ചീനി സംഭരിക്കാൻ ഹോർട്ടികോർപ് തീരുമാനിച്ചത്. സംഭരിച്ച മരച്ചീനി സഹകരണസംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, വ്യക്തിഗത സംരംഭകർ എന്നിവരുടെ കൈവശമുള്ള ഉണക്ക് യന്ത്രമുപയോഗിച്ച് വാട്ടുകപ്പ ആക്കി മാറ്റുകയായിരുന്നു.

ഒരു ടൺ പച്ചക്കപ്പ സംസ്‌കരിക്കുമ്പോൾ ഏകദേശം പതിനഞ്ച് തൊഴിൽദിനങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ കേരളത്തിലെ അധിക ഉൽപാദനത്തിലൂടെ ലഭ്യമായ മുഴുവൻ മരച്ചീനിയും സംസ്‌കരിക്കുകയാണെങ്കിൽ ഈ കോവിഡ് കാലത്ത് ലക്ഷക്കണക്കിന് തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്.

കേന്ദ്ര കിഴങ്ങു വിള ഗവേഷണ നിലയത്തിലെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മരച്ചീനി പ്രാഥമിക സംസ്‌കരണം നടത്തി വാട്ടുകപ്പയാക്കുന്നത്. 100 ഗ്രാം വാട്ട് കപ്പയിൽ 87.5 ഗ്രാം അന്നജവും 2.5 ഗ്രാം മത്സ്യവും 0.75 ഗ്രാം കൊഴുപ്പും 4 ഗ്രാം ദഹന നാരും ഉണ്ടെന്നാണ് കണക്ക്. വാട്ടുകപ്പ ഏകദേശം ആറു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കും.

ചടങ്ങിൽ കാർഷികോത്പാദന കമ്മീഷണർ ഇഷിതാ റോയി, കൃഷി വകുപ്പ് സെക്രട്ടറി ഡോ: രത്തൻ കേൽക്കർ, ഹോർട്ടികോർപ്പ് എം.ഡി. ജെ.സജീവ്, ജില്ലാ മാനേജർ പ്രദീപ് എന്നിവരും പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *