അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആധുനിക ജീവിതത്തിൽ യോഗയിലൂടെ അതിജീവനം എന്ന ആശയം മുൻനിർത്തി ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഫൊക്കാന വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വെബിനാർ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.
മനുഷ്യനന്മക്ക് ഫൊക്കാന നൽകുന്ന പ്രവർത്തനം വളരെ വലുതാണന്ന് ഓർമ്മപ്പെടുത്തിയ മന്ത്രി ആയിരത്തിലേറെ വർഷം മുമ്പ് ഭാരതത്തിൽ ഉടലെടുത്ത യോഗ ഇന്ന് ലോകം തിരിച്ചറിഞ്ഞുവെന്നും അതുകൊണ്ടു തന്നെ ഭാരതീയ പാരമ്പര്യമാണ് യോഗയെന്നും മന്ത്രി വീണ ജോർജ് അസന്നിഗ്ധമായി വ്യക്തമാക്കി.
ഒരുപാടു മാനസിക സംഘർഷങ്ങളിലൂടെയാണ് ഈ കോവിഡ് കാലത്ത് ലോകമുഴുവനുമുള്ളയാളുകൾ കടന്നു പോകുന്നത് . ഈ സാഹചര്യത്തിൽ ഭാരതീയ പരമ്പര്യത്തിലൂന്നിയുള്ള യോഗ എന്ന മഹത്തായ ആരോഗ്യ സംരക്ഷണ രീതിയെ നാം ഉൾക്കൊള്ളേണ്ടത് അനിവാര്യമാണ്. യോഗ മാനസിക പിരിമുറുക്കത്തിൽ നിന്ന് അയവു വരുത്തുന്നതിനപ്പുറം ശാരീരികമായ സൗഖ്യത്തിനും ഉതകുന്ന വ്യായാമ മുറകളും ഉൾക്കൊള്ളുന്നതാണ്. ഈ കാലഘട്ടത്തിൽ ഏറ്റവും അനിവാര്യമായും അഭ്യസിക്കപ്പെടേണ്ട ഒരു കലയാണ് യോഗായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പല രോഗത്തിൽ നിന്നും പുറത്തു വരാൻ യോഗ അഭ്യാസങ്ങളിലൂടെ കഴിയും. യോഗയുടെ ആവശ്യകത ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ഭാരതത്തിൽ നിന്ന് ആവിർഭവിച്ച് വളർന്ന വിജ്ഞ്ജാന ശാഖയാണ് യോഗയെന്ന് ലോകം മുഴുവനുമുള്ള ആളുകൾ അംഗീകരിക്കുകയാണ്.- മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കോവിഡ് വാക്സീൻ ചലഞ്ച് ദുരിതാശ്വാസ നിധിയിലേക്ക് ഫൊക്കാന നൽകിയ ആദ്യ ഘഡു തുകയുടെ ചെക്ക് വെർച്ച്വൽ ആയി സ്വീകരിച്ച മന്ത്രി ജന്മനാടിനു വേണ്ടി ഫൊക്കാന നൽകി വരുന്ന സംഭാവനകളെ കേരളം ഏറെ നന്ദിയോടെ ഓർക്കുകയാണെന്നും പറഞ്ഞു. ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി എന്നിവർ സംയുക്തമായിട്ടാണ് ആദ്യ ഗഡു തുകയായ 10 ലക്ഷം രൂപയുടെ ചെക്ക് മന്ത്രിക്ക് വെർച്ച്വൽ ആയി കൈമാറിയത്. മുഖ്യമന്ത്രിയുടെ വാക്സീൻ ചലഞ്ചിലേക്ക് 5000 ഡോളർ സംഭാവന നൽകിയ ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യുവിനേയും ഏറെ ഉദാരമായ സംഭാവനകൾ നൽകിയ
വെന്റിലേറ്ററുകൾ, മാസ്കുകൾ, ഓക്സിജൻ കോൺസെൻട്രേറ്റുകൾ ഉൾപ്പെടെ ഒന്നേകാൽ കോടി വരുന്ന മെഡിക്കൽ ഉപകരണങ്ങൽ ഫൊക്കാന കേരളത്തിലേക്ക് കയറ്റി അയച്ചതായി പ്രസിഡണ്ട് ജോർജി വർഗീസ് യോഗത്തിൽ വച്ച് മന്ത്രിയെ അറിയിച്ചു. ഇത്രയും മെഡിക്കൽ ഉപകരണങ്ങൾ ഫൊക്കാനയ്ക്ക് വേണ്ടി ലഭ്യമാക്കുവാൻ സഹായിച്ച റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേച്ചർ ഡോ. ആനി പോളിനെ ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണി ആന്റണി മുക്തകണ്ഠം പ്രശംസിച്ചു.
യോഗത്തിൽ പ്രസിഡണ്ട് ജോർജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വുമൺസ് ഫോറം ചെയർപെഴ്സൺ ഡോ.കലാ ഷാഹി സ്വാഗതം പറഞ്ഞു. ചടങ്ങിൽ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡു ആയി പത്തു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി വീണ ജോർജിന് വെർച്വലായി കൈമാറി.
യോഗ പരിശീലകനായ യോഗാചാര്യൻ സ്വാമി ദേവ പ്രസാദ് യോഗയുടെ വിവിധ പോസുകൾ അവതരിപ്പിച്ചു. ജെസി പീറ്റർ, സിമി പോത്തൻ, ഡോ. അനു വർഗീസ് എന്നിവരുടെ നേതൃത്വത്തിലും വിവിധ തരങ്ങളിലുള്ള യോഗ അവതരണം നടത്തിയിരുന്നു. ഫൊക്കാന ന്യൂയോർക്ക് അപ്പ് സ്റ്റേറ്റ് ആർ.വി.പിയും യോഗ ഗുരുവുമായ തോമസ് കൂവള്ളൂർ പ്രകൃതിയും യോഗയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും യോഗ പോസുകൾ അവതരിപ്പിക്കുകയും ചെയ്തു. ഫൊക്കാനയുടെ വിവിധ അംഗ സംഘടനകളിൽപ്പെട്ട വിമൻസ് ഫോറം പ്രതിനിധികളുടെ യോഗ സംബന്ധമായ സംഘ നൃത്തങ്ങളും ഉണ്ടായിരുന്നു. യോഗയുടെ പ്രസക്തി തികച്ചും വിളിച്ചോതുന്ന മികവുറ്റ ഒരു കലാരൂപങ്ങൾയിരുന്നു ഫൊക്കാനയിലെ വനിതാ രത്നങ്ങൾ അന്താരാഷ്ട്ര യോഗാദിനത്തെ മഹനീയമാക്കിയത്.
ഫൊക്കാന ട്രഷറർ സണ്ണി മറ്റമന ,കേന്ദ്ര ആയുഷ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി പി.എൻ രഞ്ജിത് കുമാർ, ഫ്ലോറിഡയിലെ ഡെയ്‌വ് സിറ്റി മേയർ ജൂഡി പൗൾ, ന്യൂയോർക്കിലെ റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, തുടങ്ങിയവർ സംസാരിച്ചു. വിവിധ സംഘടനകളിൽ നിന്നുള്ള സംസാരിച്ചു. ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി സ്വാഗതവും ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണി നന്ദിയും പറഞ്ഞു.
ജോയിച്ചൻപുതുക്കുളം