ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം പുനരാരംഭിച്ച് മുരിയാട് ഗ്രാമപഞ്ചായത്ത്

               

കോവിഡ് വ്യാപനം മൂലം നിര്‍ത്തിവച്ചിരുന്ന ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം മുരിയാട് ഗ്രാമപഞ്ചായത്തില്‍ പുനരാരംഭിച്ചു. ക്ലീന്‍ മുരിയാട് പദ്ധതിയുടെ ഭാഗമായാണ് നവീകരിച്ച ഹരിതകര്‍മസേന പ്രവര്‍ത്തനം ആരംഭിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കുള്ള യൂണിഫോം, ബാഡ്ജ്, സുരക്ഷാ ഉപകരണങ്ങള്‍ ഇവയെല്ലാം പഞ്ചായത്ത് വിതരണം ചെയ്തിട്ടുണ്ട്. നിലവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിന് ഒരു യൂണിറ്റും ഗൃഹ സന്ദര്‍ശനം നടത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് മറ്റൊരു യൂണിറ്റുമാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ക്ലീന്‍ മുരിയാടിന് വേണ്ടി പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റ് കാര്യക്ഷമമായി നടപ്പാക്കുന്നതിനെപ്പറ്റിയും വീഴ്ച വരുത്തുന്ന പക്ഷം ഈടാക്കുന്ന പിഴ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുജനങ്ങള്‍ക്കായി ബൈലോ പ്രസിദ്ധീകരിക്കുന്ന കാര്യത്തിലും പഞ്ചായത്ത് ഭരണസമിതിയില്‍ തീരുമാനമായിട്ടുണ്ട്. നവീകരിച്ച ഹരിത കര്‍മ്മസേനയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ യു വിജയന്‍, രതി ഗോപി, മെമ്പര്‍മാരായ സുനില്‍കുമാര്‍, മണി സജയന്‍, പഞ്ചായത്ത് സെക്രട്ടറി പി പ്രജീഷ്, ഗ്രാമസേവകന്‍ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave Comment