ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി കായംകുളം ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് ലാബ് സജ്ജമാക്കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹയര്‍സെക്കന്ററി വകുപ്പില്‍ നിന്നും 48.2 ലക്ഷം രൂപ വകയിരുത്തിയാണ് ലാബിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
കെമിസ്ട്രി ,ഫിസിക്‌സ്, ബയോളജി വിഭാഗത്തിനായി ഒരുക്കിയിട്ടുള്ള ലാബില്‍ ഒരേ സമയം 90 കുട്ടികള്‍ക്ക് പ്രാക്ടിക്കല്‍ ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്.
ഇന്‍ട്രാക്ടീവ് ക്ലാസുകള്‍, തിയറിയും പ്രാക്ടിക്കലും തമ്മിലുള്ള പാരസ്പര്യം ഉറപ്പാക്കല്‍ എന്നിവക്ക് ആധുനികരീതിയിലുള്ള സയന്‍സ് ലാബ് അനിവാര്യമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് ഹൈടെക്ക് ലാബുകള്‍ സജ്ജമാക്കിയിട്ടുള്ളത്. ലാബ് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഇന്റീരിയര്‍, ഇലക്ട്രിക്കല്‍, പ്ലംബിങ്, വേസ്റ്റ് വാട്ടര്‍ ലൈന്‍ എന്നീ സൗകര്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി സജ്ജമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈടെക്ക് ലാബിന്റ ഉദ്ഘാടനം ഉടന്‍ നിര്‍വ്വഹിക്കുമെന്നും യു. പ്രതിഭ എം.എല്‍.എ. അറിയിച്ചു.