ക്ഷീരകര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാര്‍ പരിഹാരം കാണും : മന്ത്രി ജെ.ചിഞ്ചുറാണി

post

പത്തനംതിട്ട : സംസ്ഥാനത്തെ മുഴുവന്‍ ക്ഷീരകര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പരിഹാരം കാണുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പരിയാരം ക്ഷീരോത്പാദക സഹകരണ സംഘം ഹൈജീനിക് മില്‍ക്ക് കളക്ഷന്‍ റൂമിന്റെയും ഓഫീസ് കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ ക്ഷീരമേഖല ശക്തിപ്രാപിച്ചു വരികയാണ്. സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ക്ഷീരമേഖല സ്വയംപര്യാപ്തതയില്‍ എത്തി. പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കുമായി ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന നാം ഇപ്പോള്‍ പുരോഗതിയിലെത്തി. ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് പരിഹാരം കണ്ടെത്തി. കോവിഡ് പ്രതിസന്ധി നേരിട്ടപ്പോള്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളിലും അംഗന്‍വാടികളിലും പട്ടികജാതി കോളനികളിലും അതിഥി തൊഴിലാളികള്‍ക്കും പാല്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അധികം വരുന്ന പാല്‍ പാല്‍പ്പൊടിയാക്കാനുള്ള സംരംഭം സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. പാല്‍ ഉല്‍പ്പന്നങ്ങള്‍ അധികമായി വന്നാല്‍ അവ സ്‌കൂള്‍ കുട്ടികളുടെയും മറ്റും കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് സാഹചര്യത്തില്‍ കേരള ഫീഡ്‌സ് കാലിത്തീറ്റയും കോഴിത്തീറ്റയും കര്‍ഷകരില്‍ എത്തിച്ചുനല്‍കി. നാട്ടില്‍ വരുന്ന നിരവധി പ്രവാസികള്‍ ക്ഷീരമേഖലയിലേക്കു കടന്നുവന്നു. സബ്‌സിഡി നിരക്കില്‍ പുല്‍കൃഷിയും നമുക്ക് ആരംഭിക്കാം. സഹകരണ സംഘംപാല്‍ കൃത്യമായി അളന്നു നല്‍കണമെന്നും അവ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂള്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആതിര ജയന്‍, ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എം.എസ് സിജു, ഗീതാ സദാശിവന്‍, ജയശ്രീ മനോജ്, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി.പി സുരേഷ് കുമാര്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.സിന്ധു, വിനോജ് മാമ്മന്‍, ജില്ലാ ഡയറി അസിസ്റ്റന്റ് മാനേജര്‍ ഗിരീഷ് കൃഷ്ണന്‍, ഇലന്തൂര്‍ ക്ഷീരവികസന ഓഫീസര്‍ സുനിതാ ബീഗം, പരിയാരം ക്ഷീരസംഘം പ്രസിഡന്റ് കെ.എന്‍ ഹരിലാല്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, സിപിഐ(എം) ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.വി വിനോദ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment