വിദ്യാതരംഗിണി വായ്പ: ഇതുവരെ 3.81 കോടി രൂപ അനുവദിച്ചു


on July 9th, 2021

post

തിരുവനന്തപുരം : വിദ്യാതരംഗിണി വായ്പാ പദ്ധതി വഴി സഹകരണ ബാങ്കുകളിലൂടെ ഇതുവരെ 4023 പേര്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാനായി 3.81 കോടി രൂപയുടെ വായ്പ അനുവദിച്ചതായി സഹകരണ രജിസ്ട്രാര്‍ അറിയിച്ചു. മൊബൈല്‍ ഫോണ്‍ ലഭ്യമല്ലാത്ത ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് അവ വാങ്ങുന്നതിന് സഹകരണ വകുപ്പ്  സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ വഴി നല്‍കുന്ന പലിശ രഹിത വായ്പാ പദ്ധതിയാണിത്.

തിരുവനന്തപുരം (85), കൊല്ലം (96), പത്തനംതിട്ട (110), ആലപ്പുഴ (799), കോട്ടയം (417), ഇടുക്കി (81), എറണാകുളം(374), തൃശൂര്‍ (293), പാലക്കാട് (148), മലപ്പുറം (334),  കോഴിക്കോട് (755), വയനാട്(145), കണ്ണൂര്‍ (293), കാസര്‍ഗോഡ് (93) എന്നിങ്ങനെയാണ് വായ്പ അനുവദിച്ചത്.

പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ അധിക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അര്‍ഹമായ എല്ലാ അപേക്ഷകളും സഹകരണ സംഘങ്ങള്‍ പരിഗണിച്ച് ആഗസ്റ്റിനുള്ളില്‍ തന്നെ തീരുമാനമാക്കി വായ്പകള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കണം. സംഘത്തില്‍ അംഗമല്ലാത്ത വ്യക്തി സമര്‍പ്പിക്കുന്ന അപേക്ഷയും അംഗത്വ അപേക്ഷയും ഒന്നിച്ച് പരിഗണിക്കണം.  ദൂരപരിധി തടസ്സമാകുന്ന സന്ദര്‍ഭങ്ങളില്‍ വിദ്യാര്‍ത്ഥിക്ക് ഏറ്റവും അടുത്തുള്ള സഹകരണ സംഘത്തില്‍നിന്നും വായ്പ എടുക്കാനുള്ള സൗകര്യം ലഭ്യമാക്കാന്‍ 14 ജില്ലകളിലേയും ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കും, താലൂക്ക്തല അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  വായ്പ അനുവദിച്ച് അടുത്ത മാസം മുതല്‍ മാത്രമേ തിരിച്ചടവ് ആരംഭിക്കാവൂ. റിസ്‌ക് ഫണ്ട് വിഹിതം ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള ഒരു നടപടിയും ഈ വായ്പയ്ക്ക് ബാധകമല്ല.

വിദ്യാതരംഗിണി വായ്പാ പദ്ധതിയുമായി ബന്ധപ്പെട്ട് സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി 14 ജില്ലകളിലേയും ജോയിന്റ് രജിസ്ട്രാര്‍ ഓഫിസിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിംഗിനെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്.

നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍: തിരുവനന്തപുരം9496244135, കൊല്ലം 9447071484, പത്തനംതിട്ട9446462192, ആലപ്പുഴ8547967873, കോട്ടയം8943835082, ഇടുക്കി9400232504, എറണാകുളം8547437293, തൃശ്ശൂര്‍9497800091, പാലക്കാട് 9745468960, മലപ്പുറം9846400076, കോഴിക്കോട്9446066685, വയനാട്9447849038, കണ്ണൂര്‍ 9847605858, കാസര്‍ഗോഡ്9495645354.

 

Leave a Reply

Your email address will not be published. Required fields are marked *