മലമ്പണ്ടാര കുടുംബങ്ങളുടെ വനാവകാശ രേഖകള്‍ ആറ് മാസത്തിനുള്ളില്‍ നല്‍കും: ജില്ലാ കളക്ടര്‍

post

പത്തനംതിട്ട : ജില്ലയിലെ ചാലക്കയം, പ്ലാപ്പള്ളി, ളാഹ, മഞ്ഞത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട പട്ടികവര്‍ഗ കുടുംബങ്ങളുടെ വനാവകാശ രേഖകള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.

ചാലക്കയം, പ്ലാപ്പള്ളി, ളാഹ, മഞ്ഞത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട പട്ടികവര്‍ഗ കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് ളാഹ രാജാമ്പാറ ഫോറസ്റ്റ് ഓഫീസില്‍ ചേര്‍ന്ന ഊരുകൂട്ടത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

വനാവകാശ രേഖകള്‍ ശരിയാക്കി നല്‍കുന്നതിനാവശ്യമായ സഹകരണങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിച്ചു നടത്തണം. തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണം ഉണ്ടാകണം. മഞ്ഞത്തോട് കേന്ദ്രീകരിച്ച് ഫോറസ്റ്റ് റൈറ്റ് കമ്മിറ്റി ചേര്‍ന്ന് മഞ്ഞത്തോട്ടില്‍ താമസിക്കാന്‍ സന്നദ്ധരായവരുടെ അപേക്ഷകള്‍ സ്വീകരിച്ച് സബ് ഡിവിഷണല്‍ ലെവല്‍ കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

നിലവില്‍ ളാഹ മുതല്‍ പമ്പ വരെ 43 കുടുംബങ്ങളാണ് ആകെയുള്ളത്. ഇവിടെയുടെ പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്താന്‍ കളക്ടര്‍ റാന്നി പെരുന്നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനോട് നിര്‍ദ്ദേശിച്ചു. എല്ലാവരും തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളികളാകണമെന്ന് ജനങ്ങളോടും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ഡി.എഫ്.ഒ പി.കെ.ജയകുമാര്‍ ശര്‍മ്മ, ടി.ഡി.ഒ എസ്.എസ്.സുധീര്‍, റാന്നി ആര്‍.ഒ കെ.എസ്.മനോജ്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍, പഞ്ചായത്ത് അംഗം മഞ്ജു പ്രദീപ്, മഞ്ഞത്തോട് ഊര് മൂപ്പന്‍ രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave Comment