ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ ദേവാലയ വെഞ്ചരിപ്പും, ഇടവക പ്രഖ്യാപനവും ജൂലൈ 10 ശനിയാഴ്ച

Picture
കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡിലും പരിസര പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ വിശ്വാസികള്‍ ഹാര്‍ട്ട്‌ഫോര്‍ഡ് അതിരൂപതയില്‍ നിന്നും കഴിഞ്ഞ ഡിസംബറില്‍ വാങ്ങിയ ദേവാലയത്തില്‍ പുതുതായി നിര്‍മ്മിച്ച അള്‍ത്താര വെഞ്ചരിപ്പ് ജൂലൈ പത്താംതീയതി ശനിയാഴ്ച രാവിലെ ചിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിക്കും.
രാവിലെ 10.30-ന് ദേവാലയാങ്കണത്തില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ പിതാക്കന്മാരേയും, വൈദീകരേയും വര്‍ണ്ണശബളമായ വീഥിയിലൂടെ വിശ്വാസികള്‍ ദേവാലയത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് 11 മണിക്ക് നടക്കുന്ന ആഘോഷമായ സമൂഹബലിയില്‍ ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, ഹാര്‍ട്ട്‌ഫോര്‍ഡ് അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് ജുവാന്‍ മുഗള്‍ ബെറ്റന്‍കോര്‍ട്ട്, രൂപതാ ചാന്‍സിലര്‍ ഫാ. ജോര്‍ജ് ദാനവേലില്‍, പ്രോക്യുറേറ്റര്‍ ഫാ. കുര്യന്‍ നെടുവേലിച്ചാലില്‍ തുടങ്ങി Picture2
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന നിരവധി വൈദീകരും സഹകാര്‍മികരായിരിക്കും.
ഫ്‌ളോറിഡയിലെ താമ്പായില്‍ താമസിക്കുന്ന പ്രശസ്ത ആര്‍ട്ടിസ്റ്റ് സജി സെബാസ്റ്റ്യന്‍ ആണ് മനോഹരമായി നിര്‍മ്മിച്ച അള്‍ത്താര ഡിസൈന്‍ ചെയ്തത്. അദ്ദേഹത്തോടൊപ്പം പ്രശസ്ത എന്‍ജിനീയറായ മാര്‍ട്ടിന്‍ റോക്കിയും  ചേര്‍ന്നു രണ്ട് മാസം എടുത്തു മനോഹരമായ അള്‍ത്താര നിര്‍മ്മിക്കാന്‍. വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡിലെ 30 എക്കോ ലെയിനിലാണ് ദേവാലയം സ്ഥിതിചെയ്യുന്നത്. രൂപതയുടെ നാല്‍പ്പത്തൊമ്പതാമത്തെ ഇടവകയായി സെന്റ് തോമസ് ദേവാലയത്തെ രൂപതാധ്യക്ഷന്‍ പ്രഖ്യാപിക്കും.

സീറോ മലബാര്‍ വിശ്വാസികളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഈ പുണ്യനിമിഷങ്ങള്‍ക്ക് സാക്ഷിയായി ദൈവത്തിന് നന്ദി പറയുവാന്‍ ഇടവക വികാരി ഫാ. ജോസഫ് പുള്ളിക്കാട്ടില്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ആഘോഷങ്ങളുടെ എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായിവരുന്നതായി കൈക്കാരന്മാരായ ആല്‍വിന്‍ മാത്യുവും, ബിനോയ് സ്കറിയയും അറിയിച്ചു. തത്സമയ സംപ്രേഷണത്തിന്: syromalabarct.org/livestreming

 

റിപ്പോർട്ട്  : ജോയിച്ചൻപുതുക്കുളം

Leave Comment