കോട്ടയം: സഭയും സമൂഹവും അഭിമുഖീകരിച്ച ഒട്ടേറെ വെല്ലുവിളികളെ കരുത്തോടെ നേരിട്ട് ഓര്‍ത്തഡോക്‌സ് സഭയെ മുന്നോട്ട് നയിച്ച വലിയ വ്യക്തിത്വമായിരുന്നു ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കത്തോലിക്കാ ബാവയെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നിലയ്ക്കല്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ സാരഥിയായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാന്‍ സാധിച്ചത് ഭാഗ്യമായി ഞാന്‍ കരുതുന്നു. സാധാരണ കര്‍ഷക കുടുംബത്തിലെ കഷ്ടപ്പാടുകള്‍ക്കുള്ളില്‍ നിന്ന് സഭയുടെ അമരത്തേയ്ക്ക് പരമാധ്യക്ഷനായി അദ്ദേഹത്തിന് ഉയര്‍ന്നുവരാനായത് ദൈവീക കൃപ ഒന്നുമാത്രമാണ്. സഭാമക്കളെ വിശ്വാസപാതയില്‍ നയിക്കുകമാത്രമല്ല ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തിനും നന്മകള്‍ വര്‍ഷിക്കുവാന്‍ ഏഴരപതിറ്റാണ്ടിലെ ജീവിത കാലഘട്ടത്തില്‍ തിരുമേനിക്കായി. സ്ത്രീകളെ സഭാഭരണത്തില്‍ കൂടുതല്‍ സജീവമാക്കി മുഖ്യധാരയിലെത്തിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ പ്രശംസനീയമാണന്നും വി.സി.സെബാസ്റ്റ്യന്‍ അനുശോചന സന്ദേശത്തില്‍ സൂചിപ്പിച്ചു.
ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി, കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി