
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പമാധ്യക്ഷനും എട്ടാമത് പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ ആകസ്മിക വേര്‍പാടില്‍ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ് മലയാളി സമൂഹത്തിന്റെ ആദരാഞ്ജലിയും പ്രാര്‍ഥനയും സമര്‍പ്പിക്കുന്നുവെന്ന് സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റും, ഫോമയുടെ മുന്‍ വൈസ് പ്രസിഡന്റുമായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് അറിയിച്ചു.
അറുപതാമത്തെ വയസില്‍ നിയുക്ത കാതോലിക്ക പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും, പതിനൊന്ന് വര്‍ഷക്കാലം കാതോലിക്ക ബാവയായി സഭയെ നയിക്കുകയും ചെയ്ത പൗലോസ് ദ്വിതീയന്‍ ബാവയുടെ വേര്‍പാട് സഭയ്ക്കും കേരള ക്രൈസ്തവ സമൂഹത്തിനും തീരാനഷ്ടമാണ്. എളിമയാര്‍ന്ന ജീവിതവും, തികഞ്ഞ പ്രാര്‍ത്ഥനാജീവിതവും കൈമുതലാക്കിയ അദ്ദേഹം സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് എന്നും കൈത്താങ്ങായി വര്‍ത്തിച്ചിരുന്നു.
ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെ സഭാ നൗകയെ വിജയകരമായി നയിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സഭാ തര്‍ക്കവിഷയങ്ങളില്‍ അദ്ദേഹത്തിന്റെ കര്‍ക്കശ നിലപാടുകള്‍ പലപ്പോഴും വിമര്‍ശനത്തിന് വിധേയമായി എങ്കിലും ശാശ്വതമായ സഭാ സമാധാനവും യോജിപ്പും കൈവരുത്തുവാനും ഭരണഘടനയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹം എന്നും യത്‌നിച്ചിരുന്നു.
രോഗാവസ്ഥയിലും സഭയേയും സഭാ സ്ഥാപനങ്ങളേയും ഹൃദയത്തോട് ചേര്‍ത്തുവെച്ച പിതാവ് പരുമല ആശുപത്രിയില്‍ തന്നെ ചികിത്സ മതിയെന്ന തീരുമാനത്തിലൂടെ വെളിപ്പെടുത്തിയത് പ്രാര്‍ത്ഥനയുടെ ശക്തിയിലുള്ള കറയറ്റ വിശ്വാസമാണ്.
വ്യക്തിപരമായി ഏറെ അടുത്ത ഹൃദയബന്ധം ബാവാ തിരുമനസ്സുമായി കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞത് ഏറെ ഭാഗ്യമായാണ് കരുതുന്നത്. ചെറുതും വലുതുമായ ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഭാഗഭാക്കാകുവാന്‍ കഴിഞ്ഞതിനൊപ്പം ബാംഗ്ലൂര്‍ – മംഗലാപുരം മേഖലാ കേന്ദ്രമായി ‘കെയര്‍ എ ഡേ’ എന്ന തന്റെ ചാരിറ്റി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ബാവാ തിരുമനസ്സിന്റെ ആശംസകളും പ്രാര്‍ത്ഥനാ സഹായങ്ങളും എന്നും പ്രോത്സാഹനമായിരുന്നുവെന്ന് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് അനുസ്മരിച്ചു.
റിപ്പോർട്ട് : ജോയിച്ചൻപുതുക്കുളം