പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Spread the love

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ സുപ്രധാനമായ വികസന പിന്തുണയും സഹായവും തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. സൗഹാർദ്ദപരവും പ്രോത്സാഹനജനകവുമായിരുന്നു കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രിയെ ആദ്യമായി കണ്ടപ്പോൾ ഗെയിൽ പദ്ധതി പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഓർക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഗെയിൽ പദ്ധതിയുടെ വിജയത്തിനും ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം വിജയത്തിനും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

         

കേരളത്തിന്റെ വികസനത്തിനു വേണ്ടി എന്തു സഹായവും നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

തുടർന്ന് കേരളത്തിന്റെ സുപ്രധാന വികസന പദ്ധതികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയെ (സെമി ഹൈ സ്പീഡ് റെയിൽ ലൈൻ) കുറിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു.

കേരളത്തിൽ ഫെറി സർവീസ് ( തീര കടൽ മാർഗ്ഗം) ആരംഭിക്കുന്നതിനുള്ള സാദ്ധ്യതകളും പ്രധാനമന്ത്രി ആരാഞ്ഞു. വാരണാസി – കൽക്കട്ട വാട്ടർ വേസ് വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇൻലാൻഡ് വാട്ടർ വേയ്സ് പദ്ധതിയുടെ സാദ്ധ്യത പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് സംസ്ഥാനത്തെ കോവിഡ് സാഹചര്യം പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. പുതിയ കേസുകൾ കേരളത്തിൽ ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യമുണ്ട്. എന്നാൽ ടെസ്റ്റിംഗ് ക്വാറന്റയിൽ – ഐസൊലേഷൻ – ട്രീറ്റ്മെന്റ് എന്ന സ്ട്രാറ്റജി ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതിനാൽ മരണ നിരക്ക് 0.47 ശതമാനം മാത്രമാണ്

കോവിഡ് മഹാമാരി ഫലപ്രദമായി നിയന്ത്രിക്കാൻ കേരളത്തിന് കൂടുതൽ വാക്സിൻ വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഈ മാസത്തിലെ ഉപയോഗത്തിന് 60 ലക്ഷം ഡോസ് ആവശ്യമുണ്ട്. ഈ മാസം മാത്രം 25 ലക്ഷം ഡോസാണ് സെക്കൻഡ് ഡോസിനായി മാത്രം വേണ്ടി വരുന്നത്. വാക്സിൻ ഒട്ടും തന്നെ പാഴാക്കി കളയാത്ത സംസ്ഥാനമാണ് കേരളം. ഇതു വരെ 18 വയസിനു മുകളിലുള്ള 44% പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു.

കോവിഡ് സാഹചര്യത്തിലെ പ്രതി സന്ധി പരിഹരിക്കുന്നതിന് സംസ്ഥാനത്തിന് ലഭിക്കാനുള്ള 2020-2021 സാമ്പത്തിക വർഷത്തെ 4524 കോടിയുടെ ജി.എസ്.റ്റി. കോമ്പൻസേഷൻ അടിയന്തിരമായി വിതരണം ചെയ്യണമെന്നും അഭ്യർത്ഥിച്ചു.

സംസ്ഥാനത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ് എയിംസ് വേണമെന്നുള്ളത്. കേരളത്തിൽ 65 വയസിന് മുകളിലുള്ളവരുടെ എണ്ണം ദേശീയ ശരാശരിയിലും കൂടുതലാണ്. പകർച്ചവ്യാധികളുടെ വ്യാപനവും ഇവിടെ കൂടുതലാണ്.

അങ്കമാലി – ശബരി റെയിൽപ്പാത നിർമാണം സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി എം ഒ യു ഒപ്പു വച്ചിട്ടുള്ളതാണ്. ഇതിന്റെ പ്രതീക്ഷിക്കുന്ന ചെലവ് 2815 കോടി രൂപയാണ്. ഇതിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കും.

തലശ്ശേരി – മൈസൂർ റെയിൽ വികസനമാണ് മറ്റൊരു പദ്ധതി. തലശേരി മുതൽ മൈസൂർ വരെയുള്ള യാത്രാസമയം അഞ്ചു മണിക്കൂറായി കുറയ്ക്കാൻ ഇതു വഴി കഴിയും. ദേശീയ പാർക്കുകളും വനഭൂമിയും ഒഴിവാക്കി സർക്കാർ പുതിയ ഡി പി ആർ സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ അനുമതി വേഗത്തിലാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

കണ്ണൂർ എയർപോർട്ടിൽ നിന്ന് ഇതുവരെ വിദേശ എയർലൈനുകൾക്ക് പ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടില്ല. ആസിയാൻ ഓപ്പൺ സ്കൈ പോളിസി പ്രകാരമുളള സർവീസുകളിലും കണ്ണൂർ എയർപോർട്ടിനെ ഉൾപ്പെടുത്തിയിട്ടില്ല. ഇത് 2019 ഡിസംബർ 19 നും ജൂലൈ ഒന്നിനും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് അനുകൂല തീരുമാനം അടിയന്തിരമായി ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയ്ക്കായുള്ള പ്രൊപ്പോസലും കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി പ്രൊപ്പോസലും നഗര വികസന മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. രണ്ട് പോജക്ടിനും കൂടി 4673 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

സിറ്റി ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ഒ.എ.ജി.പി.എൽ, അറ്റ്ലാന്റിക് ഗൾഫ് ആന്റ് പസഫിക് കമ്പനി (എ.ജി.& പി) എന്നീ രണ്ടു കമ്പനികളാണ് വിതരണം ഏറ്റെടുത്തിട്ടുള്ളത്.

കൊച്ചിയിലെ പെട്രോ കെമിക്കൽ കോംപ്ലക്സ് എത്രയും വേഗം പ്രവർത്തനക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു. 2019 ജനുവരി 27 ന് പ്രധാനമന്ത്രി തറക്കല്ലിട്ട പ്രോജക്ടാണിതെന്നും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനായി ബിപിസിഎൽ തയ്യാറാക്കിയ 12500 കോടി രൂപയുടെ പ്രോജക്ട്സ് ബി.പി.സി എൽ ബോർഡ് അംഗീകരിച്ചിട്ടുള്ളതാണ്. ഇതിനായി കേരള സർക്കാർ 170 ഏക്കർ 1 ഭൂമിയും കൈമാറിയിട്ടുണ്ട്. ഇത് വേഗത്തിൽ പ്രവർത്തനക്ഷമമാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ രാജ്യസഭ എം പി ജോൺ ബ്രിട്ടാസ്, ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ് എന്നിവരും പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *