കാസര്‍കോട് പഞ്ചായത്ത് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് തുടക്കമായി

post

കാസര്‍കോട്  : കോവിഡ് രണ്ടാം തരംഗവും രൂക്ഷമായി ബാധിച്ചതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തു തീര്‍ക്കേണ്ടതും പുതിയതായി രൂപം നല്‍കേണ്ടതുമായ  പ്രോജക്ടുകള്‍ ഏകോപിപ്പിക്കാന്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത്.

കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴില്‍ ചെന്നൈയിലെ ശ്രീ പെരുമ്പത്തൂരില്‍ സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ രൂപം നല്‍കിയ വൈബ്രന്റ് കമ്മ്യൂണിറ്റി ആക്ഷന്‍ നെറ്റ് വര്‍ക്ക്(VCAN)  സോഷ്യല്‍ എഞ്ചിനീയറിങ്ങ് കൂട്ടായ്മയുമായി ചേര്‍ന്നാണ് ഇന്റേണ്‍ഷിപ്പ് ആരംഭിക്കുന്നത്.

വികസന നയരൂപീകരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചവര്‍ അടക്കമുള്ള ഈ കൂട്ടായ്മ യില്‍ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ്, സോഷ്യല്‍ വര്‍ക്ക്, കോണ്‍സിസ്റ്റ്വന്‍സി മാനേജ്‌മെന്റ്, ലോക്കല്‍ ഗവേണന്‍സ്,കൗണ്‍സിലിംഗ് സൈക്കോളജി, ജന്‍ഡര്‍ സ്റ്റഡീസ്, ഗ്രാമ  നഗരാസൂത്രണം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ അംഗങ്ങളാണ്.

ജില്ലാ പഞ്ചായത്തിന്റെ നൂതന പ്രോജക്ടുകള്‍ രൂപീകരിക്കുന്നതിനും നിലവിലുള്ള പദ്ധതികളുടെ നിര്‍വഹണത്തിന് സഹായിക്കാനുമാണ് ഇന്റേണ്‍ഷിപ്പ് ഊന്നല്‍ നല്‍കുന്നത്. നിലവില്‍ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്‍്, അസിം പ്രേംജി യൂണിവേഴ്‌സിറ്റി, വിവിധ കേന്ദ്ര സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലെ 15 വിദ്യാര്‍ത്ഥികളാണ് സന്നദ്ധരായി ഇന്റേണ്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

വിവിധ ജില്ലകളില്‍ നിന്നുള്ളവരായതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി താമസവും മറ്റ് സൗകര്യങ്ങളും ജില്ലാ പഞ്ചായത്ത് നല്‍കും. ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന  വിവിധ മന്ത്രിമാര്‍ പങ്കെടുക്കുന്ന  ക്ലബ്ബ് ഹൗസ് ചര്‍ച്ചകളിലൂടെ  ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങളെ ഇന്റേണ്‍സിന്റെ സഹായത്തോടെ പദ്ധതികളാക്കാനും ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നു.

ജില്ലാ പഞ്ചായത്തില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന എന്‍ പി ആര്‍ പി ഡി പി ബ്ലോക്കിലെ സൗകര്യം ഇന്റേണ്‍ഷിപ്പ് സെന്റര്‍ ആയി ഉപയോഗപ്പെടുത്തും. ഈ സൗകര്യത്തില്‍  ജില്ലാ പഞ്ചായത്ത് ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കാസര്‍കോട് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസും ഭാവിയില്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. യുവജന  വിദ്യാര്‍ത്ഥി സമൂഹത്തെ വികസന പ്രക്രിയയില്‍ പങ്കാളികളാക്കി പദ്ധതി നിര്‍വഹണം ഊര്‍ജിതമാക്കുന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് തുടക്കം കുറിക്കുന്നത്.

Leave Comment