തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സർക്കാർ അതിഭീകരമായി പൂഴ്ത്തിവെയ്ക്കുകയാണെന്ന് ബെന്നി ബഹനാൻ എം.പി ആരോപിച്ചു. 20,913 മരണങ്ങളാണ് സംസ്‌ഥാന സർക്കാർ ഇത്തരത്തിൽ പൂഴ്ഴ്ത്തി വച്ചതെന്ന് ബെന്നി ബഹനാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡിനെ പിടിച്ചുകെട്ടിയെന്ന് അവകാശപ്പെടുമ്പോൾ പ്രതിരോധത്തിൽ എവിടെ എത്തി എന്നതിന്റെ നേർസാക്ഷ്യമാണ് പുറത്തു വരുന്ന കണക്കുകളെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ പൂഴ്ത്തി വച്ച കോവിഡ് മരണ കണക്കുകൾ പുറത്തു കൊണ്ടുവരാൻ ജനകീയ ക്യാമ്പയിൻ ആരംഭിക്കുകയാണെന്നും എം.പി പറഞ്ഞു.
കോവിഡ് ആദ്യ തരംഗം ഉണ്ടാകും മുൻപ് തന്നെ കോവിഡിനെ പിടിച്ചു കെട്ടി എന്ന രാഷ്ട്രീയ പ്രചാരണമാണ് പിണറായി സർക്കാർ നടത്തിയത്. നാൽപ്പത്തിയൊന്നോളം ദേശീയ മാധ്യമങ്ങളിലൂടെയാണ് സർക്കാർ ഇത്തരം പ്രചാരണം നടത്തിയത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഇന്നലെ (ജൂലൈ 15) വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ആഗോളതലത്തിലും മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ചും കേരളത്തിൽ രോഗികളുടെ എണ്ണം വർധിക്കുകയാണ്. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്‌ഥാനത്താണ് കേരളം. 61,81,247 കേസുകളുമായി മഹാരാഷ്ട്ര ഒന്നാം സ്‌ഥാനത്ത് നിൽക്കുമ്പോൾ 31,03,310 കേസുകളുമായി കേരളം രണ്ടാം സ്‌ഥാനത്താണ്. ഇന്ത്യയിലെ 3,09,86,807 കേസുകളിൽ പത്ത് ശതമാനവും കേരളത്തിലാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 4 ശതമാനം മാത്രമുള്ള കേരളത്തിലാണ് പത്ത് ശതമാനം ആക്റ്റീവ് കേസുകൾ. ജൂലൈ 15 ലെ കണക്കനുസരിച്ച് 41,751 കേസുകളാണ് ദേശീയതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ മാത്രം ഇത് 15,637 ആണ്. ഇന്ത്യയിലെ ആകെ ആക്റ്റീവ് കേസുകളിൽ 37.4 ശതമാനവും ജനസംഖ്യയുടെ 4 ശതമാനം മാത്രമുള്ള കേരളത്തിൽ ആണെന്നത് ഞെട്ടിക്കുന്നതാണ്.
മരണനിരക്കിലും കേരളം മുന്നിലാണ്. 4,12,019 മരണങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 14,938 മരണങ്ങളാണ് കേരളത്തിലെ സർക്കാർ കണക്ക്. 2021 മെയ് 19 മുതൽ പ്രതിദിന മരണം നൂറിൽ കൂടുതലാണ്. ഇതിനു ശേഷം നാല് ദിവസം മാത്രമാണ് മരണം നൂറിൽ താഴെ എത്തിയത്. ജൂൺ 1 മുതൽ ജൂലൈ 13 വരെ ആറ് ദിവസത്തോളം 200 ൽ കൂടുതലായിരുന്നു പ്രതിദിന മരണം. ജൂൺ ആറിനാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്, 227. തമിഴ്‌നാട്ടിൽ ജൂൺ 1 മുതൽ 10 വരെ ശരാശരി 394 മരണങ്ങളാണ് നടന്നത്. ജൂലൈ 5 മുതൽ 13 വരെ ഇത് 57 മരണങ്ങളായി കുറഞ്ഞു. ഇതേ കാലഘട്ടത്തിൽ കേരളത്തിൽ 182 മരണങ്ങൾ 122 മാത്രമായാണ് കുറഞ്ഞത്. ജൂലൈ 7 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ തമിഴ്‌നാട്ടിൽശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) രണ്ട് ശതമാനവും മഹാരാഷ്ട്രയിൽ 4 ശതമാനവും ആയിരുന്നു. എന്നാൽ കേരളത്തിൽ ഇത് 10 ശതമാനത്തിനു മുകളിലാണ്. ഇന്ത്യയിലാകെ ഇതേ കാലയളവിൽ 2.3 ശതമാനം മാത്രമാണ് ടി.പി.ആർ.
ആഗോളതലത്തിൽ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അമേരിക്കാസിൽ (ദക്ഷിണ,ഉത്തര അമേരിക്ക) ജൂൺ 7 ന് 31,904 മരണങ്ങൾ ഉണ്ടായിരുന്നത് ജൂലൈ 12 ആയപ്പോഴേക്കും 11,569 ആയി കുറഞ്ഞു. ഇതേ കാലയളവിൽ യൂറോപ്പിൽ 7314 ൽ നിന്ന് 3012 ആയും ദക്ഷിണ-പൂർവ ഏഷ്യയിൽ 26,324 ൽ നിന്ന് 7,470 ആയും കുറഞ്ഞു. ഇതേ കാലയളവിൽ അമേരിക്കാസിൽ 11,48,965 കേസുകളിൽ നിന്ന് 4,72,228 കേസുകളായും യൂറോപ്പിൽ 3,44,599 കേസുകളിൽ നിന്ന് 3,20,671 ആയും ദക്ഷിണ പൂർവ ഏഷ്യയിൽ 7,63,305 ൽ നിന്ന് 7,12,210 ആയും കുറഞ്ഞപ്പോൾ ഇന്ത്യയിലെ 29 സംസ്‌ഥാനങ്ങളിൽ ഒന്ന് മാത്രമായ കേരളത്തിൽ മാത്രം കേസുകൾ കൂടുകയാണ്.
കേരളത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സർക്കാർ പൂഴ്ത്തിവെയ്ക്കുകയാണ്. ആരോഗ്യ വിദഗ്ധരുടെ കണക്ക് പ്രകാരം സർക്കാർ പറയുന്നതിനേക്കാൾ മൂന്നിരട്ടിയാണ് കോവിഡ് മരണം. 2021 മെയ് മാസത്തിൽ സംസ്‌ഥാന സർക്കാരിന്റെ കണക്ക് പ്രകാരം 4,395 കോവിഡ് മരണങ്ങളാണ് നടന്നത്. എന്നാൽ ഇതേ മാസം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ കണക്ക് പ്രകാരം മരണ സംഖ്യ 10,602 ആണ്. അതായത് 2.4 ഇരട്ടി കൂടുതൽ.
മെയ് 2021 ൽ ഇടുക്കി ജില്ലയിൽ 40 മരണങ്ങളാണ് സംസ്‌ഥാന സർക്കാർ പട്ടികയിലുള്ളത്. എന്നാൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്ക് പ്രകാരം 278 കോവിഡ് മരണങ്ങളാണ് നടന്നത്. അതായത് സർക്കാർ കണക്കിനേക്കാൾ 6.9 ഇരട്ടി. കോട്ടയം ജില്ലയിൽ സർക്കാർ കണക്ക് പ്രകാരം 173 മരണങ്ങളും തദ്ദേശ സ്‌ഥാപനങ്ങളുടെ കണക്കനുസരിച്ച് ഇത് 895 മാണ്. സർക്കാർ കണക്കിനേക്കാൾ 5.17 ഇരട്ടിയാണിത്.കാസർഗോഡ് സർക്കാർ കണക്കനുസരിച്ച് 39 മരണങ്ങളും യഥാർഥ കണക്ക് 143 മാണ്. 3.67 ഇരട്ടിയാണ് വ്യത്യാസം. കൊല്ലം ജില്ലയിൽ സർക്കാർ കണക്കനുസരിച്ച് 187 മരണങ്ങൾ മാത്രം നടന്നപ്പോൾ തദ്ദേശ സ്‌ഥാപനങ്ങളുടെ കണക്കനുസരിച്ച് 821 മരണങ്ങളാണ് നടന്നത്, 3.67 ഇരട്ടി വ്യത്യാസം. എല്ലാ ജില്ലകളിലും കണക്കുകളിൽ തിരിമറി നടന്നിട്ടുണ്ട്. 35,851 കോവിഡ് മരണങ്ങൾ നടന്നപ്പോഴാണു സർക്കാർ കണക്കിൽ ഇത് 14938 ആയി കുറഞ്ഞത്. ഈ കള്ളക്കളിക്ക് സർക്കാർ മറുപടി പറയണം.
കോവിഡ് മരണങ്ങൾ സംബന്ധിച്ച് ഐ സി എം ആർ, ലോകാരോഗ്യ സംഘടന എന്നിവയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചു കൊണ്ടാണ് സംസ്‌ഥാന സർക്കാർ കണക്ക് തയാറാക്കുന്നത്. കോവിഡാനന്തര മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. മാരകമായ ഒരു പുതിയ രോഗം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ അതിന്റെ പ്രഹരശേഷി എത്രത്തോളമുണ്ടെന്ന് മനസിലാക്കണമെങ്കിൽ മരണങ്ങൾ എത്ര നടന്നു എന്നതിന് കൃത്യമായ കണക്കുകൾ വേണം. രോഗം ഏത് അവയവങ്ങളെ ബാധിക്കുന്നു, ഏത് പ്രായക്കാരെയാണ് ബാധിക്കുന്നത് എന്നതൊക്കെ മനസ്സിലാകണമെങ്കിൽ ശരിയായ മരണത്തെ കുറിച്ചുള്ള കൃത്യമായ കണക്കുകൾ അനിവാര്യമാണ്. അത് കൊണ്ടാണ് ഐ സി എം ആറും ഡബ്ള്യു എച്ച് ഒയും കൃത്യവും വിപുലവുമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ചികിത്സിക്കുന്ന ഡോക്ടറാണ് മരണം സാക്ഷ്യപ്പെടുത്തേണ്ടത്. എന്നാൽ ഇവിടെ ഡെത്ത് ഓഡിറ്റ് കമ്മിറ്റി ആണ് മരണം കണക്കാക്കുന്നത്. പ്രതിഷേധങ്ങൾ ശക്തമായതോടെ ഇതിൽ മാറ്റം വരുത്തുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും ഇത് ജില്ലാ തലത്തിലേക്ക് മാറ്റുകയാണ് ചെയ്തത്.
ജൂലൈ 3 മുതലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ സർക്കാർ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഇതിലും കള്ളക്കളിയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളുടെ സംഗ്രഹം എന്നാണു സർക്കാർ അവകാശപ്പെടുന്നതെങ്കിലും പഴയ മരണങ്ങൾ തിരുകികയറ്റിയാണ് പട്ടിക പുറത്തുവിടുന്നത്. ആദ്യ ദിവസം (ജൂലൈ 3) പുറത്തുവിട്ട പട്ടികയിൽ 33 ശതമാനവും പഴയ മരണം തിരുകികയറ്റിയതാണ്. ഒട്ടുമിക്ക ദിവസങ്ങളിലും ഇത് തന്നെയാണ് സ്‌ഥിതി. ഇന്നലെ (ജൂലൈ 15) പുറത്തു വിട്ട കണക്കിലും പഴയ മരണങ്ങൾ തിരുകി കയറ്റിയിട്ടുണ്ട്.
കോവിഡ് ഡെത്ത് കൗണ്ട് ക്യാമ്പയിൻ
സംസ്‌ഥാന സർക്കാർ പൂഴ്ത്തിവച്ച കോവിഡ് മരണങ്ങൾ കണ്ടുപിടിക്കാൻ കോവിഡ് ഡെത്ത് കൗണ്ട് ക്യാമ്പയിൽ എന്ന പേരിൽ ജനകീയ പ്രചാരണം ആരംഭിക്കുകയാണെന്ന് ബെന്നി ബഹനാൻ എം.പി അറിയിച്ചു. എം.പിയുടെ ഔദ്യോഗിക എഫ്.ബി പേജിൽ ഇതിനായി പ്രചാരണം തുടങ്ങും. ഇത് സംബന്ധിച്ച എഫ് ബി പേജിലെ പോസ്റ്റിനും വീഡിയോയ്ക്കും താഴെ കോവിഡ് മരണമെന്ന് ഉറപ്പുള്ളതും സർക്കാർ കണക്കിൽ പെടാത്തതുമായ മരണങ്ങൾ കമന്റായി അറിയിക്കാം. ജനങ്ങൾക്ക് അവരുടെ ചുറ്റുമുള്ള പ്രദേശങ്ങളിലെ സർക്കാർ പൂഴ്ത്തിവച്ച കോവിഡ് മരണങ്ങൾ ഫേസ്‌ബുക്ക് പേജിലൂടെ അറിയിക്കാം.
കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നല്കാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. സംസ്‌ഥാന സർക്കാരിന്റെ കള്ളക്കളി മൂലം 20,000 ലേറെ പേർക്ക് ആനുകൂല്യം നഷ്ടപ്പെടും. സർക്കാർ പൂഴ്ത്തി വച്ച മരണങ്ങൾ പുറത്തു കൊണ്ടുവന്ന് ഇവർക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ ക്യാമ്പയിൻ.
ഈ ദൗത്യത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.