മുഖ്യമന്ത്രിയുടെ ഡല്‍ഹിയാത്ര കേസ് അട്ടിമറിക്കാന്‍ : കെ സുധാകരന്‍ എംപി


on July 16th, 2021

ആരാധനാലയങ്ങൾ തുറക്കണം; സാമാന്യ ബോധ്യത്തിന് നിരക്കാത്ത നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണം-കെ.സുധാകരൻ | k sudhakaran| kerala covid protocole

കൊടകര കുഴല്‍പ്പണ കവര്‍ച്ചയില്‍ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷി ച്ചത് ഇതു സംബന്ധിച്ച കേരള പോലീസിന്റെ അന്വേഷണം പ്രഹസനമായതിനാലാണെന്നും ഇത് സിപിഎം ബിജെപി രഹസ്യബാന്ധവത്തിന്റെ ഫലമായാണെന്നും  കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.

                                           

മുഖ്യമന്ത്രി പിണറായി വിജയന്‍  പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയും ഡല്‍ഹി യാത്രയും ഈ ബന്ധം ഊട്ടിയുറപ്പിക്കാനായിരുന്നു. കേരളത്തിലെ രൂക്ഷമായ കോവിഡ് സാഹചര്യങ്ങളോ അഗാധമായ സാമ്പത്തിക പ്രതിസന്ധികളോ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നയിക്കാതെ ഇരുകൂട്ടര്‍ക്കും താത്പര്യമുള്ള കേസുകളാണ് മുഖ്യമന്ത്രി ചര്‍ച്ച ചെയ്തതെന്നു സംശയിക്കുന്നു.

കൊടകര കേസില്‍ ബിജെപിയും സ്വര്‍ണ്ണക്കടത്തില്‍ സിപിഎമ്മും പ്രതിസ്ഥാനത്ത് വന്നതോടെ ഇരുവരും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ കേസുകള്‍ ഒതുക്കി തീര്‍ക്കാനുള്ള അന്തര്‍ധാര അണിയറയില്‍ നടക്കുകയാണ്.കേരളീയ സമൂഹത്തിന് മുന്നില്‍ ഇരുപാര്‍ട്ടികളുടെയും മുഖംമുടി അഴിഞ്ഞു വീണപ്പോഴാണ് മുഖ്യമന്ത്രി അടിയന്തര ഡല്‍ഹിയാത്ര നടത്തിയത്.

ബിജെപി നേതാക്കളെ രക്ഷിച്ചുകൊണ്ടുള്ള പോലീസ് അന്വേഷണമാണ് നടക്കുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയ ശേഷം പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ഇനിയും പലതും പുറത്ത് വരാനുണ്ടെന്നും  പ്രധാന പ്രതികള്‍ പുറത്താണെന്നും പിടിക്കപ്പെട്ടതിലും വലിയ തുക കണ്ടെത്തേണ്ടതുണ്ടെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം അത്യന്തം ഗൗരവമുള്ളതാണ്.തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ അന്വേഷണം പ്രഹസനമാകുന്നുവെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങളിലൂടെ ബോധ്യപ്പെടുന്നതെന്നും സുധാകരന്‍ പറഞ്ഞു.

സ്വര്‍ണ്ണക്കള്ളക്കടത്തില്‍ സിപിഎം ക്രിമിനല്‍ സംഘങ്ങളുടെ പാങ്കാളിത്തം പകല്‍പ്പോലെ വ്യക്തമാണ്.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കാന്‍ സാധിക്കുന്ന വിധം കോടികളാണ് സിപിഎം സഹയാത്രികരായ ക്വട്ടേഷന്‍ സംഘങ്ങളിലൂടെ കേരളത്തിലെത്തുന്നത്. സ്വര്‍ണക്കടത്തിലെ മൂന്നിലൊന്ന് തുക പാര്‍ട്ടിക്കാണെന്നു  വെളിപ്പെടുത്തുന്ന ശബ്ദരേഖയും  പുറത്തുവന്നിട്ടുണ്ട്.

രഹസ്യബാന്ധവം ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിച്ചതിന്റെ സന്തോഷമാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയില്‍ പ്രകടമായത്. കേരളത്തിന്റെ സമ്പദ്ഘടനയെ അട്ടിമറിക്കാന്‍ പര്യാപ്തമായ  രണ്ട് കേസുകളും ഇഴഞ്ഞ് നീങ്ങുന്നത്  കേരളത്തിന്റെ പൊതുമനസ്സാക്ഷി കാണുന്നുണ്ടെന്നത് സിപിഎമ്മും ബിജെപിയും ഓര്‍ക്കുന്നത് നല്ലതാണെന്നും സുധാകരന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *