2.84 കോടിയുടെ ആത്യാധുനിക സംവിധാനങ്ങളുമായി നിപ്മർ 19 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Spread the love
ഇരിങ്ങാലക്കുട (തൃശൂർ): സംസ്ഥാന സാമൂഹ്യനീതി വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ 2.84 കോടി രൂപയുടെ അത്യാധുനിക സംവിധാനങ്ങൾ വരുന്നു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്.
വെർച്വൽ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള മോട്ടോർ റീഹാബിലിറ്റേഷൻ യൂണിറ്റ്, അഡ്വാൻസ്ഡ് ന്യൂറോ ഫിസിയോ തെറാപ്പി യൂണിറ്റ്, ഇൻസ്ട്രുമെൻ്റഡ് ഗേറ്റ് ആൻഡ് മോഷൻ അനാലിസിസ്  ലാബ്, വീൽ ട്രാൻസ് പ്രൊജക്റ്റ്, പോട്ടറി ആൻഡ് സിറാമിക് യൂണിറ്റ് എന്നിവയാണ് നിപ്മറിൽ പ്രവർത്തനം ആരംഭിക്കുന്ന നൂതന സംവിധാനങ്ങൾ.
അനുയാത്ര പദ്ധതി ആരംഭിച്ചതിനു ശേഷം 30 കോടിയോളം രൂപയുടെ സംവിധാനങ്ങളാണ് നിപ്മറിൽ തുടങ്ങിയത്.
64 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വെർച്ചുവൽ റിയാലിറ്റി അധിഷ്ഠിതമായ മോട്ടോർ റീഹാബിലിറ്റേഷൻ സിസ്റ്റം, 1.03 കോടിയുടെ ന്യൂറോ ഫിസിയോ തെറാപ്പി യൂണിറ്റ്, 72 ലക്ഷം രൂപയുടെ ഇൻസ്‌ട്രുമെന്റഡ് -ഗെയ്റ്റ് ആൻഡ് മോഷൻ അനാലിസിസ് ലാബ്, 24.02 ലക്ഷം രൂപയുടെ വീൽ ട്രാൻസ് പ്രൊജക്ട്, 17.4 ലക്ഷം രൂപയുടെ പോട്ടറി ആൻഡ് സിറാമിക് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം 19 ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. സാമൂഹ്യ നീതി വകുപ്പ് ഡയരക്ടർ എസ്. ജലജ പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ് മാസ്റ്റർ, മുൻ എംഎൽഎ കെ.യു. അരുണൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ നൈസൺ, ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ. ജോജോ, തൃശൂർ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ പി.എച്ച്. അസ്ഗർ ഷാ, ആളൂർ ഗ്രാമപഞ്ചായത്ത് അംഗം മേരി ഐസക് എന്നിവർ ആശംസകളർപ്പിക്കും. സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസ് സ്വാഗതവും നിപ്മർ ജോയ്ൻ്റ് ഡയരക്റ്റർ സി.ചന്ദ്രബാബു നന്ദിയും പറയും.

Author

Leave a Reply

Your email address will not be published. Required fields are marked *