എല്ലാ വീടുകളിലും ശുചിത്വം ലക്ഷ്യമാക്കി പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം

Spread the love

post

പത്തനംതിട്ട: ജില്ലയെ സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയാക്കി മാറ്റുന്നതിനുള്ള നടപടികളുമായി മുന്നോട്ടുനീങ്ങിയിരിക്കുകയാണ് ജില്ലാ ഭരണകേന്ദ്രം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമലൂര്‍ ശങ്കരന്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ എക്സിക്യുട്ടീവ് ഡയറക്ടറുമായ ജില്ലാ ശുചിത്വ സമിതി യോഗത്തിലാണ് തീരുമാനം.

ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ണ്ണതോതില്‍ നടപ്പാക്കേണ്ടതുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയെ സമ്പൂര്‍ണ്ണ വെളിയിടമുക്ത പ്ലസ് ജില്ലയാക്കിമാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പാക്കിവരുന്നത്. വ്യക്തി ശുചിത്വത്തിന് പരിസ്ഥിതി ശുചിത്വം പ്രധാനമാണ്. എല്ലാ തരത്തിലുമുള്ള മാലിന്യങ്ങളെ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള വിശദമായ പരിപാടികള്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  കോവിഡ് പ്രതിരോധത്തിന്റെ കാലത്തോടൊപ്പം നിലവില്‍ സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയാന്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഡി.എം.ഒക്ക് നിര്‍ദേശം നല്‍കി. മാലിന്യ സംസ്‌ക്കരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി വിലയിരുത്തി ഏകോപിപ്പിക്കാന്‍ ഡി.ഡി.പിക്കും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

ശുചിത്വ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ എന്ന ശുചിത്വ മിഷന്റെ കൈപ്പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി.പി രാജപ്പന് നല്‍കി പ്രകാശനം ചെയ്തു. ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ഇ വിനോദ്കുമാര്‍ പദ്ധതി വിശദീകരണം നടത്തി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഖര, ദ്രവ മാലിന്യത്തിന്റെ ഏറ്റവും മികച്ച മാതൃക ജില്ലയില്‍ നടപ്പാക്കുകയും സാമൂഹ്യ തലത്തിലും വാക്തിപരമായും എല്ലാ തരത്തിലുമുള്ള പ്രത്യക്ഷ ശുചിത്വം ഉറപ്പാക്കാനാണ് പദ്ധതി ആവിഷ്‌കരിച്ച് നടത്തിവരുന്നതെന്നും ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ഇ വിനോദ്കുമാര്‍ പറഞ്ഞു.

ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ഡി.ഡി.പി കെ.ആര്‍ സുമേഷ്, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, പ്ലാനിംഗ് ഓഫീസര്‍ സാബു സി.മാത്യു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *