പത്തനംതിട്ട : വിവേചനപരമായ പെരുമാറ്റത്തില്‍ നിന്നും നമ്മുടെ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും മോചിതരാക്കാനുള്ള സമയമായെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍ പറഞ്ഞു. പീഡനം നേരിടുന്ന സ്ത്രീകളെ അവ ചെറുക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി കലാലയങ്ങള്‍ കേന്ദ്രീകരിച്ച് കനല് എന്ന കര്‍മ്മ പരിപാടി മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തതിന്റെ ഭാഗമായി ജില്ലാതലത്തില്‍ വനിതാ ശിശു വികസന വകുപ്പ് തയാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
വിവാഹം ഒരു വില പേശലല്ല. ധനവും സമ്പത്തും കണക്കാക്കി നോക്കിയല്ല ജീവിത പങ്കാളിയെ തെരഞ്ഞെടുക്കേണ്ടത് എന്ന് പഠിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. പണത്തിനായി പെണ്ണിനെ പിണമാക്കുന്ന പ്രവണതക്കെതിരെ ശബ്ദമുയര്‍ത്തണം. കനല് കര്‍മ്മ പദ്ധതി ഓരോ കുടുംബത്തിലും വെളിച്ചം വീശുമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ സബ് ജഡ്ജ് ദേവന് കെ. മേനോന് നല്കി പോസ്റ്റര്‍ കളക്ടര്‍ പ്രകാശനം ചെയ്തു. ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഒപ്പ് രേഖപ്പെടുത്തിയ സ്ത്രീധനം ആവശ്യപ്പെടുത്, കൊടുക്കരുത്, വാങ്ങരുത് എന്ന സന്ദേശമുള്ള കാര്‍ഡ് അസിസ്റ്റന്‍ഡ് കളക്ടര്‍ സന്ദീപ് കുമാറിന് നല്കി പ്രകാശനം ചെയ്തു. പോസ്റ്റര്‍, കാര്‍ഡ് എന്നിവ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജനങ്ങളിലേക്കും പൊതു സ്ഥലങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിക്കും. ജില്ലാ സബ് ജഡ്ജ് ദേവന്. കെ. മേനോന്, അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസര്‍ തസ്നിം തുടങ്ങിയവര്‍ പങ്കെടുത്തു.