തൃശൂർ: കേരളത്തിൽ അക്ഷയ ഊർജ്ജ ഉപയോഗ സാധ്യതകൾ ജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഊർജ്ജയാൻ പദ്ധതിയ്ക്ക് അനുസരിച്ച് മുന്നോട്ട് കൊണ്ട് പോകണമെന്നും ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട നിയോജക മണ്ഡലതല ഊർജ്ജയാൻ പദ്ധതി
ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അക്ഷയ ഊർജ്ജങ്ങളായ സൗരോർജ്ജം, കാറ്റ്, ജൈവോർജ്ജം തുടങ്ങിയ സാധ്യതകൾ നമുക്ക് പരമാവധി ഉപയോഗപ്പെടുത്താനാകണമെന്നും ഊർജ്ജ സംരക്ഷണത്തോടൊപ്പം ഊർജ്ജസംഭരണവും നമ്മൾ ഓരോരുത്തർക്കും സാധ്യമാക്കാനാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളെ ഊർജ്ജ സംരക്ഷണ പ്രവർത്തനത്തിൽ പ്രധാന സന്ദേശകരാക്കുക എന്നതാണ് ഊർജ്ജ സംരക്ഷണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ഊർജ്ജയാൻ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഊർജ്ജ സംരക്ഷണം പരമാവധി കാര്യക്ഷമമാക്കുന്നതിനോടൊപ്പം ഊർജ്ജത്തിൻ്റെ ഉപഭോഗം ശാസ്ത്രീയമായ വിശദാംശങ്ങളോടെ ജനങ്ങളിൽ എത്തിക്കണം. ഇതിൻ്റെ ഭാഗമായി വൈദ്യുതിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസിയായ എനർജി മാനേജ്‍മെന്റ് സെന്റർ (ഇഎംസി) നടത്തി വരുന്ന പദ്ധതിയാണ് ഊർജ്ജയാൻ. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളും നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഒരുമിപ്പിച്ച് കൊണ്ടു പോകുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ഇത് കൂടാതെ വിദ്യാലയങ്ങൾ, വൈദ്യുതി വിഭാഗം, ഗ്രാമീണ വായന ശാലകൾ, കലാ – കായിക സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ സമ്പൂർണ ഊർജ്ജ സംരക്ഷണ ബോധവൽക്കരണം നടപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.