വളങ്ങള്‍ നിര്‍മ്മിക്കുന്ന യൂണിറ്റ് ആരംഭിച്ചു

Spread the love

post

എറണാകുളം: കൂനമ്മാവ് സെന്റ്. ജോസഫ് ബോയിസ് ഹോമിലെ തളിര്‍ ഫാര്‍മേഴ്‌സ് ഇന്ററസ്റ്റിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വൃക്ഷായുര്‍വേദ വിധി പ്രകാരമുള്ള വളങ്ങളും വളക്കൂട്ടുകളും നിര്‍മ്മിക്കുന്ന യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനവും നിര്‍മ്മാണ പരിശീലന പരിപാടിയും കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി നിര്‍വ്വഹിച്ചു. ഹരിത കഷായം, ജീവാമൃതം, ഘന ജീവാമൃതം, ഫിഷ് അമിനോ ആസിഡ്, ഘന ജീവാമൃത ലഡു എന്നിവയാണ് യൂണിറ്റില്‍ നിര്‍മ്മിക്കുന്നത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ (ബി.പി.കെ.പി) ഭാഗമായാണ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.

ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം പഞ്ചായത്തിലെ 22 വാര്‍ഡുകളിലായി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പരമ്പരാഗത കാര്‍ഷിക വിളകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും, ശുദ്ധമായ പച്ചക്കറികളുടെ ഉല്‍പ്പാദിപ്പിക്കുന്നതിനുമായി 36 പ്രദര്‍ശനത്തോട്ടങ്ങള്‍ ഒരുങ്ങുകയാണ്. പ്രദര്‍ശനത്തോട്ടങ്ങള്‍ ഒരുക്കുന്ന കര്‍ഷകര്‍ക്ക് സൗജന്യമായി വളക്കൂട്ടുകളും ജൈവ കീടനാശിനികളും നല്‍കുവാനായി കൂനമ്മാവ് തളിര്‍ ഫാര്‍മേഴ്‌സിന്റെ സ്റ്റിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍  വളര്‍ച്ചാ ത്വരഗങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്.

കൃഷി ഓഫീസര്‍ കെ.സി റെയ്ഹാന പ്രകൃതി കൃഷി പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജാ വിജു, കൂനമ്മാവ് സെന്റ്. ജോസഫ് ബോയ്‌സ് ഹോം ഡയറക്ടര്‍  സംഗീത് ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ സെബാസ്റ്റ്യന്‍ തോമസ്, ബിജു പഴമ്പിള്ളി, പഞ്ചായത്തംഗങ്ങളായ സതീഷ്, സുമയ്യ ടീച്ചര്‍, കാര്‍ഷിക വികസന സമിതി അംഗം രാജു ജോസഫ്, ക്രോപ് റിസോഴ്‌സ് പേഴ്‌സണ്‍മാരായ സന്ധ്യ, സമീവി എന്നിവര്‍ സന്നിഹിതരായി. കൃഷി അസിസ്റ്റന്റ് എസ്. കെ ഷിനു കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി.

Author

Leave a Reply

Your email address will not be published. Required fields are marked *