സാക്ഷരതാ മിഷന്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ തുടങ്ങി

Spread the love

post

പത്തനംതിട്ട : സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത പദ്ധതിയുടെ നാലാം ബാച്ചിന്റെ രണ്ടാം വര്‍ഷ പരീക്ഷകളും അഞ്ചാം ബാച്ചിന്റെ ഒന്നാം വര്‍ഷ പരീക്ഷകളും ആരംഭിച്ചു. ഈ മാസം 31 ന് സമാപിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കുറ്റൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പത്തനംതിട്ട ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുളനട പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരീക്ഷകള്‍ നടത്തുന്നത്.

വിവിധ കാരണങ്ങളാല്‍ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരും പത്താംതരം പാസായതിനുശേഷം ഹയര്‍ സെക്കന്‍ഡറി കോഴ്സില്‍ ചേരാന്‍ കഴിയാതിരുന്നവരുമാണ് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിന്റെ പഠിതാക്കള്‍.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എട്ട് സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ ഞായറാഴ്ചകളില്‍ നടത്തിയിരുന്ന സമ്പര്‍ക്ക പഠന ക്ലാസുകള്‍ വഴിയാണ് പഠിതാക്കള്‍ക്ക് ക്ലാസുകള്‍ ലഭിച്ചിരുന്നത്. എന്നാല്‍ കോവിഡ് മൂലം ക്ലാസുകള്‍ ഓണ്‍ലൈനാക്കേണ്ടി വന്നു. ഹ്യുമാനിറ്റീസ്, കൊമേഴ്സ്  ഗ്രൂപ്പുകളിലാണ് പഠനം നടന്നിരുന്നത്.

376 പഠിതാക്കള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ എഴുതുന്നു. എസ്.സി വിഭാഗത്തില്‍ 117 പഠിതാക്കളും എസ്.ടി വിഭാഗത്തില്‍ നാല് പഠിതാക്കളും ഉള്‍പ്പെടുന്നു. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും അഞ്ച് പഠിതാക്കളും ഉള്‍പ്പെടുന്നു.

434 പഠിതാക്കള്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ എഴുതുന്നു. എസ്.സി വിഭാഗത്തില്‍ 135 പഠിതാക്കളും എസ്.ടി വിഭാഗത്തില്‍ നിന്ന് ഒരു പഠിതാവും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും അഞ്ച് പഠിതാക്കളും ഉള്‍പ്പെടുന്നു.ട്രാന്‍സ് ജെന്‍ഡര്‍ പഠിതാക്കളുടെ പ്രത്യേക പഠന പദ്ധതിയായ സമന്വയ പദ്ധതിയുടെ പന്തളത്തെ പഠന വീട്ടില്‍ താമസിച്ചാണ് അവര്‍ പഠനം നടത്തുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *