ശിവൻകുട്ടി മന്ത്രിയായി തുടരുന്നത് അധാർമികം;
മുഖ്യമന്ത്രി രാജി എഴുതി വാങ്ങണമെന്ന് വി.ഡി സതീശൻ.
തിരുവനന്തപുരം: നിയമസഭയിൽ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി അന്തിമമായി വിധി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്ഥാനം രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരിപാവനമായ നിയമസഭ തല്ലിത്തകർക്കാൻ നേതൃത്വം കൊടുത്തയാൾ മന്ത്രിസഭയിലെ അംഗമാണെന്നിരിക്കെ, കോടതിയിൽ വിചാരണ നേരിടുമ്പോൾ അദ്ദേഹം ആ പദവിയിൽ ഇരിക്കുന്നത് നിയമവ്യവസ്ഥകൾക്കും
ധാർമികതയ്ക്കും പൂർണമായും അനുയോജ്യമല്ല. അതിനാൽ അടിയന്തരമായി മന്ത്രി രാജിവെയ്ക്കണം. രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തോട് രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയാറാകണമെന്നും വി.ഡി സതീശൻ നിയമസഭാ മീഡിയാ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിയമസഭയിൽ നടന്ന അക്രമ സംഭവങ്ങൾക്ക് എംഎൽഎമാർക്ക് ലഭിക്കേണ്ട യാതൊരു പ്രിവിലേജും ഇല്ലെന്ന കോടതിയുടെ പരാമർശം നേരത്ത യുഡിഎഫ് സ്വീകരിച്ച നിലപാടിന് സമാനമാണ്. ഒരു നിയമസഭാംഗം മറ്റൊരു നിയമസഭാംഗത്തെ കുത്തിക്കൊന്നാൽ കേസെടുക്കാൻ കഴിയില്ലേയെന്നാണ് യുഡിഎഫ് ചോദിച്ചത്. ഒരു നിയമസഭാംഗം
തോക്കെടുത്ത് മറ്റൊരാളെ വെടിവെച്ചാൽ അത് ക്രിമിനൽ കുറ്റമാണെന്നും അതിനൊരു പ്രിവിലേജും ഇല്ലെന്നുമാണ് കോടതിയുടെ പരാമർശം. നിയമസഭയ്ക്ക് അകത്തും പുറത്തും ഏതൊരു പൗരനും ചെയ്യുന്ന കുറ്റകൃത്യങ്ങൾ വിചാരണയ്ക്ക് വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജിവെയ്ക്കേണ്ടതില്ലെന്ന ശിവൻകുട്ടിയുടെ നിലപാട് ബാലിശമാണെന്ന് ചോദ്യത്തിന് മറുപടിയായി സതീശൻ ചൂണ്ടിക്കാട്ടി. വനം
മന്ത്രിയായിരുന്ന കെപി വിശ്വനാഥൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നടത്തിയ ഒരു പരാമർശത്തിന്റെ പേരിലാണ് അന്ന് അദ്ദേഹത്തിന് രാജിവെയ്ക്കേണ്ടിവന്നത്. ഈ കേസിൽ വനം മന്ത്രിയുടെ ഓഫീസുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ എന്ന് മാത്രമായിരുന്നു പരാമർശം. എന്നിട്ടും അദ്ദേഹം രാജിവെച്ചു. ഇത് അങ്ങനെയല്ല, കോടതിയുടെ പ്രതിക്കൂട്ടിൽ കയറി നിന്ന് വിദ്യാഭ്യാസ മന്ത്രി വിചാരണ ചെയ്യപ്പെടുന്ന സംഭവമാണ്. ലോകം മുഴുവൻ ടെലിവിഷനിലൂടെ ലൈവായി കണ്ട സംഭവമാണ്. അതിനാൽ മുഴുവൻ തെളിവുകളും സാക്ഷികളുമുണ്ട്. ബഞ്ചിന്റെയും ഡസ്കിന്റെയും മുകളിൽ കയറി നിന്ന് അതിക്രമം കാണിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്. ആ കേസിൽ വിചാരണ ചെയ്യപ്പെടുമ്പോൾ വിദ്യാർത്ഥികൾക്ക് നല്ല മാതൃകയാകേണ്ട വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കേണ്ടെന്നും അത് അദ്ദേഹത്തിനൊരു ഭൂഷണമാണെന്നും നിലപാട് എടുത്താൽ പിന്നിൽ മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടാണോ സാധാരണ മന്ത്രിമാർ രാജിവെയ്ക്കാറുള്ളത്. ഇവർ നടത്തിയ അക്രമത്തിന് ആസ്പദമായ സംഭവത്തിൽ കെഎം മാണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടത് ഏതെങ്കിലും കോടതി അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടായിരുന്നോയെന്നോ?. വിചാരണ നേരിടുമ്പോഴും മന്ത്രി ശിവൻകുട്ടി രാജിവെയ്ക്കുന്നില്ലെങ്കിൽ ജനപ്രതിനിധികൾക്ക് കൊമ്പുണ്ടോയെന്ന് ജനങ്ങൾ ചോദിക്കും. ഏതെങ്കിലും സാധാരണക്കാരൻ നടത്തിയ അക്രമ കേസിലാണെങ്കിൽ ഈ സംരംക്ഷണം ലഭിക്കുമോ. നിയമവ്യവസ്ഥയോട് സാധാരണക്കാരന് പുച്ഛം തോന്നുന്ന അവസ്ഥയുണ്ടാകരുത്. നാട്ടിൽ രണ്ടുതരം നീതിയാണോയെന്നത് പ്രധാന ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു.