തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷയില്‍ 87.94 ശതമാനം വിജയം. 3,73,788 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 3,28,702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 85.13 ആയിരുന്നു വിജയശതമാനം. എറണാകുളം ജില്ലയിലാണ് വിജയശതമാനം കൂടുതല്‍, 91.11 ശതമാനം. പത്തനംതിട്ടയിലാണ് വിജയശതമാനം കുറവ്, 82.53 ശതമാനം. 136 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. ഇതില്‍ 11 സര്‍ക്കാര്‍ സ്‌കൂളുകളും 36 എയ്ഡഡ് സ്‌കൂളുകളും 79 അണ്‍ എയ്ഡഡ് സ്‌കൂളുകളുമാണുള്ളത്.
മലപ്പുറത്താണ് കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത്, 57629 പേര്‍. കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് വയനാട് ജില്ലയിലാണ്, 9465. 48,383 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചു. മലപ്പുറത്താണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയത്, 6707 പേര്‍. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് സജ്ജമാക്കിയത്, 841 വിദ്യാര്‍ത്ഥികള്‍. മലപ്പുറം കോട്ടയ്ക്കല്‍ രാജാസ് ജി. എച്ച്. എസ്. എസ് ആണ് ഏറ്റവും കൂടുതല്‍ പേരെ പരീക്ഷയ്ക്കിരുത്തിയ സര്‍ക്കാര്‍ സ്‌കൂള്‍. 705 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്.
പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31. സേ, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കും 31നകം അപേക്ഷിക്കണം. സേ/ ഇംപ്രൂവ്മെന്റ് പരീക്ഷ ആഗസ്റ്റ് 11ന് ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ആഗസ്റ്റ് 5, 6 തീയതികളില്‍ നടക്കും.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മോഡുലാര്‍ സ്‌കീം റഗുലര്‍ വിഭാഗത്തില്‍ 80.36 ശതമാനമാണ് വിജയം. 20346 പേരില്‍ 16351 പേര്‍ വിജയിച്ചു. എന്‍. എസ്. ക്യൂ. എഫ് സ്‌കീമില്‍ റഗുലര്‍ വിഭാഗത്തില്‍ 77.09 ആണ് വിജയശതമാനം. 5992 പേര്‍ പരീക്ഷ എഴുതിയതില്‍ 4619 പേര്‍ വിജയിച്ചു. മോഡുലാര്‍ സ്‌കീം പ്രൈവറ്റ് വിഭാഗത്തില്‍ 40.17 ശതമാനമാണ് വിജയം. 1628 പേര്‍ പരീക്ഷ എഴുതിയതില്‍ 654 പേര്‍ വിജയിച്ചു. ഗ്രേഡിംഗ് സ്‌കീമില്‍ പ്രൈവറ്റ് വിഭാഗത്തില്‍ 56.45 ശതമാനം വിജയം. പരീക്ഷ എഴുതിയ 62 പേരില്‍ 35 പേര്‍ വിജയിച്ചു.
മോഡുലാര്‍ സ്‌കീമില്‍ വയനാടാണ് ഉയര്‍ന്ന വിജയശതമാനം നേടിയത്, 87.50 ശതമാനം. കുറവ് വിജയ ശതമാനം പത്തനംതിട്ടയിലാണ്, 67.99 ശതമാനം. എന്‍. എസ്. ക്യൂ. എഫ് സ്‌കീമില്‍ ഉയര്‍ന്ന വിജയശതമാനം കൊല്ലം ജില്ലയ്ക്കാണ്, 87.74 ശതമാനം. കുറവ് കാസര്‍കോട്, 56.07 ശതമാനം. പത്ത് സര്‍ക്കാര്‍ വിദ്യാലയങ്ങളും അഞ്ച് എയ്ഡഡ് വിദ്യാലയങ്ങളും നൂറു ശതമാനം വിജയം കൈവരിച്ചു. സംസ്ഥാനത്തെ നാലു സ്പെഷ്യല്‍ സ്‌കൂളുകളിലും നൂറു ശതമാനമാണ് വിജയം. 239 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി. സേ പ്രായോഗിക പരീക്ഷ ആഗസ്റ്റ് ആറിന് ആരംഭിച്ച് 18ന് അവസാനിക്കും.