ന്യൂയോർക്കിൽ വാക്സിൻ സ്വീകരിക്കുന്നവർക്ക് 100 ഡോളർ സമ്മാനം!

Spread the love

ന്യൂയോർക്ക് സിറ്റിയുടെ കീഴിലുള്ള വാക്സിനേഷൻ സൈറ്റിൽ നിന്ന്  കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നവർക്ക് 100 ഡോളർ നൽകുമെന്ന് മേയർ ബിൽ ഡി ബ്ലാസിയോ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ വാക്സിൻ നേടുന്നവർക്ക് ഈ ആനുകൂല്യം ലഭിച്ചുതുടങ്ങും.

സിറ്റിയിലെ  5 ബോറോകളിൽ  ഡെൽറ്റ വകഭേദം മൂലം കോവിഡ് വ്യാപനം ഉയർന്നിട്ടുണ്ടെങ്കിലും, ഇൻഡോർ മാസ്ക് മാൻഡേറ്റ് വീണ്ടും ഏർപ്പെടുത്താനുള്ള സിഡിസി യുടെ ശുപാർശയിൽ  വിശദമായി പഠിച്ച ശേഷമേ തീരുമാനം എടുക്കൂ എന്ന നിലപാടിലാണ് മേയർ. മാർഗ്ഗനിർദ്ദേശം നൽകുന്നത് മാത്രമാണ് സിഡിസിയുടെ ചുമതലയെന്നും, ഓരോ പ്രദേശത്തിനും  സാഹചര്യം മുൻനിർത്തി  ഉചിതമായ തീരുമാനം കൈക്കൊള്ളാൻ അധികാരമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാസ്ക് മാൻഡേറ്റ് പുനഃസ്ഥാപിക്കാൻ ഗവർണർക്ക് അധികാരമുണ്ടെങ്കിലും എടുത്തുചാടി തീരുമാനിക്കില്ലെന്ന് ആൻഡ്രൂ കോമോയും പറഞ്ഞു. വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നത് വ്യാപനം കുറയ്ക്കുമെന്നതു കൊണ്ടാണ്, അതിനുള്ള മാർഗമെന്ന നിലയ്ക്ക് വാക്സിൻ സ്വീകരിക്കുന്നവർക്ക് 100 ഡോളർ നൽകുമെന്ന പ്രഖ്യാപനം മേയർ നടത്തിയിരിക്കുന്നത്. സിറ്റിയിൽ 40 ശതമാനം ആളുകൾ വാക്സിൻ നേടാൻ ബാക്കിയുണ്ട്.

ന്യൂയോർക്കിലെ ഗവണ്മെന്റ് ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും മാസ്ക് നിർബന്ധമാക്കുമെന്ന് ഗവർണർ കോമോ

ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം കുറയ്ക്കുന്നതിന് സിഡിസി മാസ്ക് മാൻഡേറ്റ് പുനഃസ്ഥാപിക്കാൻ ശുപാർശ ചെയ്ത സാഹചര്യത്തിൽ, ആരോഗ്യ അധികൃതരുമായി ചർച്ച നടത്തി വിശദമായ പഠനത്തിന്  ശേഷം തീരുമാനിക്കാം എന്നാണ് ഗവർണർ ആൻഡ്രൂ കോമോ പ്രതികരിച്ചത്. എന്നാൽ, ന്യൂയോർക്കിലെ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും  ആശുപത്രി ജീവനക്കാർക്കും  മാസ്ക് നിർബന്ധമാക്കുമെന്ന് കോമോ  ഉത്തരവിട്ടു.

മുൻനിര തൊഴിലാളികൾക്കിടയിലെ രോഗപ്രതിരോധം ഏറെ പ്രാധാന്യത്തോടെ കാണുന്നതിനാലാണ് ഈ നീക്കമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഭാഗങ്ങളിൽ ഉള്ളവർ അനുവദിച്ചിട്ടുള്ള സമയപരിധിയിൽ തന്നെ  വാക്സിൻ സീരീസ് പൂർത്തിയാക്കണമെന്നും, കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തണമെന്നും കോമോ മുന്നറിയിപ്പ് നൽകി.

ന്യൂയോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ലാസിയോയും സംസ്ഥാന ഗവർണർ കോമോയും തമ്മിൽ കോവിഡ് വിഷയത്തിൽ പലപ്പോഴും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ജനങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. മാസ്ക് മാൻഡേറ്റ് പുനഃസ്ഥാപിക്കുന്ന കാര്യത്തിലെങ്കിലും  ഇവർ ഒരുപോലെ തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതുന്നത്. ഈ വിഷയത്തിൽ  ഇരുവരും തമ്മിൽ ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.

em

Author

Leave a Reply

Your email address will not be published. Required fields are marked *