ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേറ്റ് ചെയ്യണം : ബൈഡന്‍

വാഷിങ്ടന്‍ :  ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും മാസ്‌കും സാമൂഹിക അകലവും പാലിക്കണമെന്നും പ്രസിഡന്റ് ബൈഡന്‍ കര്‍ശന നിര്‍ദേശം നല്‍കി. അതോടൊപ്പം ക്രമമായ കോവിഡ് പരിശോധനയും വേണമെന്നും ബൈഡന്‍ പറഞ്ഞു. ഇതു സംബന്ധിച്ചു പ്രഖ്യാപനം ജൂലായ് 29  വ്യാഴാഴ്ചയാണ് ബൈഡന്‍ പുറത്തുവിട്ടത്.
വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്കു ശമ്പളത്തോടുകൂടിയ ലീവും, നൂറു ഡോളറും നല്‍കണമെന്നും ബൈഡന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫെഡറല്‍ കോണ്‍ട്രാക്ടേഴ്‌സിനും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്.
         
മഹാമാരി വ്യാപിക്കുന്നതിനെ കുറിച്ചു ബൈഡന്‍ ആദ്യം അഭിപ്രായപ്പെട്ടതു വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരിലാണ് കൂടുതല്‍ വൈറസ് കാണുന്നതെന്നാണ്. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും ഒരു പടികൂടി മുമ്പോട്ടു പോയി മഹാമാരി ഒരു അമേരിക്കന്‍ ട്രാജഡി എന്നാണ് ബൈഡന്‍ പറയുന്നത്.
വാക്‌സീന്‍ സ്വീകരിക്കുന്നതു ഞങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് അവകാശപ്പെടുന്നവരോട് ബൈഡന്‍ പറയുന്നത് സ്വാതന്ത്ര്യത്തോടുകൂടി നമ്മുടെ ചുമതലകള്‍ കൂടി നിര്‍വഹിക്കപ്പെടണമെന്നാണ്.
അമേരിക്കയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ മിക്കവാറും പിന്‍വലിച്ചതോടെ രോഗവ്യാപനം ഓരോ ദിവസവും വര്‍ധിച്ചു വരികയാണ്. സി.ഡി.സി ഉള്‍പ്പെടെയുള്ളവര്‍ മാസ്‌കും സാമൂഹിക അകലവും വീണ്ടും വേണ്ടി വരുമോ എന്ന ആശങ്കയിലാണ് കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *