തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നിലധികം റസ്‌ക്യു ഷെല്‍റ്ററുകള്‍ ഒരുക്കും: കളക്ടര്‍

Spread the love

പത്തനംതിട്ട: വെള്ളപ്പൊക്ക മുന്നൊരുക്കത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നിലധികം റസ്‌ക്യു ഷെല്‍റ്ററുകള്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ് അയ്യര്‍ പറഞ്ഞു. എന്‍ഡിആര്‍എഫ് സംഘത്തോടൊപ്പം ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശമായ തിരുവല്ല പെരിങ്ങര വളവനാരി കോളനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.

വെള്ളപ്പൊക്ക സാധ്യതയുണ്ടായാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വരും. അതിനായി സംസ്ഥാനദുരന്ത നിവാരണ വിഭാഗമായും എന്‍ഡിആര്‍എഫുമായും സഹകരിച്ച് എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ചുകൊണ്ടുള്ള വെള്ളപ്പൊക്ക മുന്നൊരുക്കങ്ങള്‍ നടത്തി വരികയാണു ജില്ലാ ഭരണകേന്ദ്രം. വെള്ളപ്പൊക്കം നേരിടാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും എമര്‍ജന്‍സി റസ്പോണ്‍സ് ടീമും സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയും ഒരുക്കിയിട്ടുണ്ട്. ഒരു പ്രകൃതി ദുരന്തം ഉണ്ടാകുകയാണങ്കില്‍ അതിനെ നേരിടാന്‍ വേണ്ട പരിശീലനം സന്നദ്ധ പ്രവര്‍ത്തകര്‍ക്കു നല്‍കും.

വെള്ളപൊക്ക ഭീഷണി നേരിടുന്ന കോളനികള്‍, മറ്റ് പ്രദേശങ്ങള്‍ എന്നിവടങ്ങളിലെ ആളുകള്‍ ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, തിരുവല്ല ആര്‍ഡിഒ ബി. രാധാകൃഷ്ണന്‍, എന്‍ഡിആര്‍എഫ് ടീം കമാന്‍ഡര്‍ കെ.കെ അശോക്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭദ്ര രാജന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ എബ്രഹാം തോമസ്, ശാന്തമ്മ ആര്‍ നായര്‍, റിക്കു മോനി വര്‍ഗീസ്, തഹസില്‍ദാര്‍ സുധാമണി തുടങ്ങിയവര്‍ സംഘത്തോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *