ഓണം സ്പെഷ്യല്‍ ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി

Spread the love

 

post

കിറ്റ് വിതരണത്തില്‍ ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കും

തിരുവനന്തപുരം : ഉത്പന്നങ്ങളുടെ ഗുണനിലവാരവും അളവും കര്‍ശനമായി ഉറപ്പാക്കിയാകും ഓണം സ്പെഷ്യല്‍ കിറ്റ് വിതരണം ചെയ്യുകയെന്നു ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. റേഷന്‍ കടകള്‍വഴി നല്‍കുന്ന മുഴുവന്‍ ഭക്ഷ്യവസ്തുക്കളുടേയും ഗുണനിവാരം ഉറപ്പാക്കാനുള്ള കര്‍ശന നടപടി വകുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഓണം സ്പെഷ്യല്‍ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം ഇടപ്പഴഞ്ഞിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഗുണമേ•യുള്ള ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുക എന്നതാണു ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ലക്ഷ്യം. വിലക്കുറവെന്നുകണ്ടു മോശപ്പെട്ട ഉത്പന്നം വിതരണത്തിനെത്തിക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. ഓണം സ്പെഷ്യല്‍ കിറ്റിലേക്കുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ ഗുണനിലവാരം കര്‍ശനമായി ഉറപ്പാക്കിയാണു ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയത്. കിറ്റിലുള്ള എല്ലാ സാധനങ്ങളുടേയും കൃത്യമായ അളവും തൂക്കവും വ്യക്തമാക്കുന്ന പോസ്റ്റര്‍ റേഷന്‍കടകള്‍ക്കു മുന്നില്‍ പതിക്കും. ഇതുവഴി കിറ്റിലുള്ള ഓരോ ഉത്പന്നത്തിന്റേയും അളവും ഗുണനിലവാരവും ഉപഭോക്താവിന് ഉറപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

റേഷന്‍ കടകളില്‍ കെട്ടിക്കിടക്കുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളെല്ലാം അടിയന്തരമായി നീക്കംചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അരി, പഞ്ചസാര, ഗോതമ്പ് തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും ഗുണനിലവാരം കര്‍ശനമായി ഉറപ്പാക്കിയേ വിതരണം ചെയ്യൂ. ഓണം പ്രമാണിച്ചു മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് ഒരു ലിറ്ററും മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് അര ലിറ്ററും മണ്ണെണ്ണ അധികമായി നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അനര്‍ഹര്‍ കൈവശം വെച്ചിരുന്ന 127443 കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചതായി ഭക്ഷ്യമന്ത്രി പറഞ്ഞു. ഈ കാര്‍ഡുകള്‍ ഏറ്റവും അത്യാവശ്യം വരുന്ന എ.എ.വൈ കാര്‍ഡിന് അര്‍ഹതയുള്ള ദരിദ്രരും കിടപ്പു രോഗികളുമായവര്‍ക്ക് ആറാംതീയതിമുതല്‍ വിതരണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡുകളില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇത്തരത്തില്‍ തമ്പാന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ആരംഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ചിങ്ങം ഒന്നിന് തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു കിലോ പഞ്ചസാര, അരക്കിലോ വീതം വെളിച്ചെണ്ണ, ചെറുപയര്‍, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞള്‍, ഒരു കിലോ ശബരി പൊടി ഉപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിയുടെ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശര്‍ക്കരവരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, ഒരു തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങള്‍ അടങ്ങിയതാണ് ഓണം സ്പെഷ്യല്‍ കിറ്റ്. മുന്‍ മാസങ്ങളിലേതുപോലെ എ.എ.വൈ, മുന്‍ഗണന, മുന്‍ഗണനേതര സബ്‌സിസി, മുന്‍ഗണനേതര നോണ്‍ സബ്‌സിസി എന്ന ക്രമത്തില്‍ ഓഗസ്റ്റ് 16നു വിതരണം പൂര്‍ത്തിയാക്കും.

ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ, കൗണ്‍സിലര്‍ രാഖി രവികുമാര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു, ജില്ലാ സപ്ലൈ ഓഫിസര്‍ സി.എസ്. ഉണ്ണിക്കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

 

Author

Leave a Reply

Your email address will not be published. Required fields are marked *