സ്വാതന്ത്ര്യദിനാഘോഷം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിവാദ്യം സ്വീകരിക്കും

post

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ആരോഗ്യ വകുപ്പ്മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് അലക്‌സ് പി. തോമസ് പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്റെ ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പ്രവേശനമില്ല. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കും ചടങ്ങില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. നൂറ് ക്ഷണിതാക്കള്‍ക്ക് മാത്രമാണ് പ്രവേശനം. പരേഡില്‍ അഞ്ചു ടീമുകള്‍ പങ്കെടുക്കും. പോലീസിന്റെ മൂന്നു ടീമും, ഫോറസ്റ്റ്, എക്‌സൈസ് എന്നിവരുടെ ഓരോ ടീമുകളുമാണ് പരേഡില്‍ പങ്കെടുക്കുക. ഓഗസ്റ്റ് 12, 13 തീയതികളില്‍  സ്വാതന്ത്ര്യദിന പരേഡ് റിഹേഴ്‌സല്‍ നടത്തും. 12 ന് വൈകുന്നേരം മൂന്നിനും, 13 ന് രാവിലെ എട്ടിനുമാണ് റിഹേഴ്‌സല്‍.

ആവശ്യമായ സുരക്ഷ പോലീസ് ഒരുക്കും. ഹാന്‍ഡ് സാനിറ്റൈസര്‍, മാസ്‌ക്, തെര്‍മ്മല്‍ സ്‌ക്രീനിംഗ് സംവിധാനം, ആംബുലന്‍സ്, മെഡിക്കല്‍ ടീം എന്നിവ ആരോഗ്യ വകുപ്പ് ഒരുക്കും. കൊടി, സല്യൂട്ടിംഗ് ബേസ്, ഇരിപ്പിടങ്ങള്‍ എന്നിവ അണുവിമുക്തമാക്കല്‍, സ്റ്റേഡിയം ശുചിയാക്കല്‍ എന്നിവ പത്തനംതിട്ട നഗരസഭ നിര്‍വഹിക്കും. ആഘോഷങ്ങളുടെ ചുമതല കോഴഞ്ചേരി തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍ നിര്‍വ്വഹിക്കും. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പുതിയ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ വരികയാണെങ്കില്‍ മറ്റൊരു അവലോകന യോഗം കൂടി ചേരും. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *