ഒരു പ്രദേശത്ത് ആയിരം പേരില്‍ പത്തിലധികം കോവിഡ് രോഗികളെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

Spread the love

വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ ആറു ദിവസം പ്രവര്‍ത്തനാനുമതി

post

തിരുവനന്തപുരം : ഒരു പ്രദേശത്തെ ജനസംഖ്യയില്‍ ആയിരം പേരില്‍ പത്തിലധികം രോഗികള്‍ ഒരാഴ്ചയുണ്ടായാല്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. മറ്റുസ്ഥലങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തനാനുമതി നല്‍കും. കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ആയിരിക്കും. ചട്ടം 300 അനുസരിച്ച് ആരോഗ്യ മന്ത്രി വീണാജോര്‍ജ് നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ഇത് അറിയിച്ചത്. ഞായറാഴ്ച ദിവസങ്ങളായ ആഗസ്റ്റ് 15നും ആഗസ്റ്റ് 22 നും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കും.

ആരാധനാലയങ്ങളുടെ വിസ്തീര്‍ണ്ണം കണക്കാക്കിയാവണം ആളുകള്‍ പങ്കെടുക്കേണ്ടത്. വലിയ വിസ്തീര്‍ണ്ണമുള്ളവയില്‍ പരമാവധി 40 പേര്‍ക്ക് പങ്കെടുക്കാം. കല്യാണങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ കൂട്ടായ്മകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ കൂടുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം.

ഉത്സവകാലമായതുകൊണ്ട് സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികള്‍ ആള്‍ക്കൂട്ടം ഉണ്ടാകാനിടയുള്ള വ്യാപാരസ്ഥാപനങ്ങള്‍ സ്വീകരിക്കണം. ഹോം ഡെലിവറി സൗകര്യം പരമാവധി ഇടങ്ങളില്‍ വിപുലീകരിക്കണം. പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതില്‍ മേല്‍നോട്ടം വഹിക്കുകയും ആവശ്യമായ പരിശോധന നടത്തുകയും ചെയ്യും. സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആയിരിക്കണം കടകളില്‍ പ്രവേശനം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും വ്യാപാരികളുമായി ചര്‍ച്ച ചെയ്യും.

കടകള്‍ സന്ദര്‍ശിക്കുന്നവര്‍ ആദ്യഡോസ് വാക്‌സിനേഷന്‍ എങ്കിലും എടുത്തവരോ 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആയിരിക്കണം.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. സാമൂഹ്യപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യത അനുസരിച്ച് ഒരു നിശ്ചിത തീയതിക്കുള്ളില്‍ വാക്‌സിനേഷന്‍ നല്‍കും. കിടപ്പ് രോഗികള്‍ക്ക് എല്ലാവര്‍ക്കും സമയബന്ധിതമായി വീടുകളില്‍ ചെന്ന് വാക്‌സിനേഷന്‍ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. ആരോഗ്യവകുപ്പിന്റെ കൃത്യമായ മേല്‍നോട്ടത്തില്‍ ഇത് നടപ്പാക്കും. സ്വകാര്യ ആശുപത്രികളുടെ വാക്‌സിനേഷന്‍ നടത്തുന്നതിന് സ്ഥലസൗകര്യങ്ങള്‍ ഉള്‍പ്പെടെ നല്‍കി പ്രോത്സാഹിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിക്കും.

കോവിഡ് രണ്ടാം തരംഗം ഉയര്‍ത്തുന്ന വെല്ലുവിളിയും പൊതുസമൂഹത്തിന്റെ സഹകരണത്തോടെ തന്നെ നേരിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മൂന്നാം തരംഗത്തിന്റെ ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതിനു മുമ്പ് തന്നെ വാക്‌സിനേഷന്‍ കഴിയുന്നത്ര പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടിയാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. അതിന്റെ ഭാഗമായി പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കി സാമൂഹ്യ പ്രതിരോധ ശേഷി കെട്ടിപ്പടുക്കുന്നതിലൂടെ കോവിഡ് മഹാമാരിയുടെ വ്യാപനം ഫലപ്രദമായി തടയാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തില്‍ ജനസംഖ്യയുടെ പകുതിയില്‍ അധികം പേരും രോഗം വരാത്തവരും പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കൊറോണ വൈറസില്‍ നിന്ന് സംരക്ഷിതരുമാണ്. കേരളത്തിലെ ജനങ്ങള്‍ പൂര്‍ണ്ണതോതില്‍ നല്‍കുന്ന സഹകരണവും പിന്തുണയുമാണ് മികച്ച രീതിയില്‍ കോവിഡിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,47,90,596 പേര്‍ക്ക് ഒന്നാം ഡോസും 62,01,105 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിട്ടുണ്ട്. ആകെ 2,09,91,701 ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 42.14 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം കണക്കിലെടുത്താല്‍ ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്. കേരളത്തില്‍ ഇനിയും 56 ശതമാനത്തോടടുപ്പിച്ച് ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടില്ലാത്തതിനാല്‍ ദൈനംദിന രോഗികളുടെ എണ്ണം മറ്റു സംസ്ഥാനത്തേക്കാള്‍ ഉയര്‍ന്നുനില്‍ക്കാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ കുറഞ്ഞ മരണനിരക്ക് നിലനിര്‍ത്താനും ഓക്‌സിജന്‍, വെന്റിലേറ്റര്‍ എന്നിവ രോഗികള്‍ക്ക് ലഭ്യമാക്കുന്ന കാര്യത്തിലും കേരളം ഇന്നും മെച്ചപ്പെട്ട നിലയിലാണെന്ന് മന്ത്രി സഭയില്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *