പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്ന വിദ്യാകിരണം പദ്ധതിക്ക് തുടക്കമായി

Spread the love

തിരുവനന്തപുരം : കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായുള്ള വെബ്‌സൈറ്റിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു. സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കുള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനാണ് ഇതിലൂടെ തുടക്കമിടുന്നത്.

post

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ പോലെ തീര്‍ത്തും ജനകീയമായ ഒരിടപെടലാണ് വിദ്യാകിരണത്തിലൂടെയും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ലോകമാകെയുള്ള വ്യക്തികള്‍, സംഘടനകള്‍, കമ്പനികള്‍ തുടങ്ങി എല്ലാവര്‍ക്കും ഇതുമായി സഹകരിക്കാം. വിദ്യാകിരണം പദ്ധതിയുടെ വെബ്സൈറ്റായ  https://vidyakiranam.kerala.gov.in ലൂടെ സഹായം ലഭ്യമാക്കാം. ഒരു പ്രദേശത്തെ സ്‌കൂളിനെ പ്രത്യേകമായി സഹായിക്കുന്നതിനും ഇതില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. എത്ര കുട്ടികള്‍ക്ക് പഠനോപകരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും രേഖപ്പെടുത്താം. ആവശ്യമായ സാമ്പത്തിക സഹായവും പോര്‍ട്ടലിലൂടെ തന്നെ നല്‍കാം. കമ്പനികളുടെ സി എസ് ആര്‍ ഫണ്ട് ഉള്‍പ്പെടെ ഉപയോഗിച്ച് വിദ്യാകിരണം പദ്ധതിയുമായി സഹകരിക്കാന്‍ കഴിയുന്ന സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്. സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനുള്ള സംവിധാനവുമുണ്ട്.

കേരളത്തിലാകെ എത്ര കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ആവശ്യമാണ് എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍  തയ്യാറാക്കിയിട്ടുണ്ട്. ഓരോ സ്‌കൂളിലും എത്ര കുട്ടികള്‍ക്കാണ് അവ ആവശ്യമെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിദ്യാകിരണം വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍, പി. രാജീവ്, ആന്റണി രാജു, കെ. രാധാകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ കെ. ജീവന്‍ബാബു എന്നിവരും സംബന്ധിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *