കാക്കനാട്: ജില്ലയിൽ 18 വയസ് പൂർത്തിയായ 77 ശതമാനം ആളുകളും കോവിഡ് പ്രതിരോധ വാക്സിൻ്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചു കഴിഞ്ഞു. വാക്സിൻ വിതരണം ആരംഭിച്ച് ഏഴ് മാസം പിന്നിടുമ്പോൾ 27 ലക്ഷം ജനങ്ങളിലേക്കും വാക്സിൻ എത്തിച്ച് ഒന്നാം സംസ്ഥാനത്തു തുടരുന്ന എറണാകുളം കോവിഡ് പ്രതിരോധത്തിൻ്റെ മറ്റൊരു മാതൃകയാകുകയാണ്. നിലവിൽ 18 വയസു കഴിഞ്ഞ മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് വാക്സിൻ നൽകുന്നതിനുള്ള അടുത്ത പ്രതിരോധ പ്രയത്നത്തിലേക്ക് കാലു കുത്തുകയാണ് ജില്ല.
ജീവൻ്റെ വിലയുള്ള ഓരോ തുള്ളി വാക്സിനും പാഴാക്കാതെ ജനങ്ങളിലേക്കെത്തിക്കാൻ കൃത്യതയാർന്ന പ്രവർത്തനമാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ജില്ലയിൽ നടപ്പിലാക്കിയത്. . ഏഴ് പദ്ധതികൾ ഇതിനായി നടപ്പിലാക്കിയെന്ന് വാക്സിൻ നോഡൽ ഓഫീസർ ഡോ. ശിവദാസ് എം.ജി. പറഞ്ഞു.
രണ്ട് സ്പെഷൽ ഡ്രൈവുകളും പൂർത്തിയാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ പരാതികളില്ലാത്ത പ്രവർത്തനം നടത്തി. ഡോക്ടർമാർ, മറ്റ് ആശുപത്രി ജീവനക്കാർ, ആശ വർക്കർമാർ , ജനപ്രതിനിധികൾ എല്ലാവരും വാക്സിനായി കൂട്ടായ പ്രവർത്തനം നടത്തി. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങളോട് ജില്ലയിലെ ജനങ്ങളും സഹകരിച്ചപ്പോൾ ഭൂരിഭാഗം ആളുകളിലേക്കും വാക്സിൻ തടസമില്ലാതെയെത്തി.
2021 ജനുവരി 16 നാണ് ജില്ലയിൽ വാക്സിൻ വിതരണം ആരംഭിച്ചത്. ജില്ലയിലെ 63,000 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയത്. ആദ്യഘട്ടത്തിൽ 73000 ഡോസ് വാക്സിൻ ജില്ലക്ക് ലഭ്യമായതിൽ 1040 ഡോസ് കേന്ദ്ര സർക്കാരിനു കീഴിലുള്ള ആരോഗ്യ പ്രവർത്തകർക്കും 71,290 ഡോസ് വാക്സിൻ സംസ്ഥാന സർക്കാരിന്റെ ആരോഗ്യ പ്രവർത്തകർക്കുമാണ് നൽകിയത്. ജില്ലയിലെ 14 ബ്ലോക്കുകളിലായി 260 വാക്സിൻ സെൻ്റെറുകൾ വഴിയാണ് വാക്സിൻ നൽകിയത്. ആയുഷ്, ഹോമിയോ, സ്വകാര്യ ആശുപത്രികളെയും വാക്സിൻ സെൻ്റെറുകളായി ഉൾപ്പെടുത്തി. ആരോഗ്യ- കോവിഡ് മുന്നണി പ്രവർത്തകർക്കാകെ 253182 ആളുകൾക്ക് വാക്സിൻ നൽകി. 139728 പ്രവർത്തകർക്ക് ആദ്യ ഡോസും 113454 ആളുകൾക്ക് രണ്ടാം ഡോസും നൽകി.
ജില്ലയിലെ 60 വയസു കഴിഞ്ഞ 99.49 ശതമാനം ആളുകളിലും പ്രതിരോധ വാക്സിൻ ആദ്യ ഡോസ് എത്തി. 605491 ആളുകൾക്ക് ആദ്യ ഡോസും 339017 ആളുകൾക്ക് രണ്ട് ഡോസ് വാക്സിനും നൽകി. ആകെ 944508 ആളുകൾക്കാണ് വാക്സിൻ നൽകിയത്. ആശ പ്രവർത്തകരുടെ സഹായത്തോടെ രജിസ്ട്രേഷൻ നടത്തിയാണ് 60 വയസു കഴിഞ്ഞ വർക്ക് വാക്സിൻ നൽകിയത്.
വാക്സിൻ വിതരണത്തിനായി നടത്തിയ ഏഴ് പദ്ധതികളും കൃത്യമായ ലക്ഷ്യത്തിലെത്തിക്കാനും ആരോഗ്യ പ്രവർത്തകർക്കു സാധിച്ചു. പട്ടികവർഗക്കാർക്കു വേണ്ടി ട്രൈബ് വാക്സ് പദ്ധതി മുഖേന 18 വയസു പൂർത്തിയായ 4227 ആളുകൾക്കും വാക്സിൻ നൽകി. ഭിന്നശേഷി ക്കാർക്കു വേണ്ടി നടപ്പാക്കിയ ഡിസ്പൽവാക്സ് മുഖേന 37330 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. എച്ച്.ഐ.വി. ബാധിതർക്കായി നടത്തിയ ആർട് വാക്സിൻ മുഖേന 362 ആളുകൾക്കും വാക്സിൻ നൽകി. അതിഥി തൊഴിലാളികൾക്കായി നടപ്പാക്കിയ ഗസ്റ്റ് വാക്സിൻ പദ്ധതി പ്രകാരം 10201 ആളുകൾക്കും വാക്സിൻ സ്വീകരിച്ചു. വൃദ്ധ സദനങ്ങളിലെയും സാന്ത്വന പരിചരണ കേന്ദ്രങ്ങളിലെയും അന്തേവാസികളായ 10,600 ആളുകൾക്കും വാക്സിൻ നൽകി. ഭിന്നശേഷിക്കാർക്കു വേണ്ടി 57 ഡോസുകളും വിതരണം ചെയ്തിട്ടുണ്ട്. മാതൃകവചം പദ്ധതിയിലൂടെ 4725 ഡോസ് കൈമാറി ഗർഭിണികൾക്കും വാക്സിൻ്റെ സുരക്ഷ നൽകി.ചെല്ലാനത്തെ രോഗവ്യാപനം കുറക്കുന്നതിനായി പ്രത്യേക വാക്സിൻ ഡ്രൈവ് തന്നെ ആരോഗ്യ വകുപ്പ് തയാറാക്കി. ഇതിലൂടെ 45 വയസ് പൂർത്തിയായ എല്ലാ വർക്കും ആദ്യ ഡോസ് നൽകി. അതേപോലെ പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ചും വാക്സിൻ സ്പെഷൽ ഡ്രൈവുകൾ നടപ്പിലാക്കി. 68942 ഡോസ് വാക്സിനാണ് ഇവിടെ വിതരണം ചെയ്തത്.ജില്ലയിൽ 45 നും 60 നും ഇടയിൽ പ്രായമുള്ള 79.12 ശതമാനം ആളുകൾക്കും ആദ്യ ഡോസ് വാക്സിൻ നൽകി. ആകെ 812915 ആളുകളാണ് വാക്സിൻ സ്വീകരിച്ചത്. 18 നും 44 നും ഇടയിൽ പ്രായമുള്ള 73946 ആളുകളും ആദ്യ ഡോസ് സ്വീകരിച്ചു. 47.46 ശതമാനം ആളുകളാണ് വാക്സിൻ സ്വീകരിച്ചത്.
വാക്സിൻ തടസമില്ലാതെ ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ തന്നെ 18 വയസ് പൂർത്തിയായ എല്ലാ വരിലും ആദ്യ ഡോസ് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നോഡൽ ഓഫീസർ ഡോ.ശിവദാസ് എം.ജി. അറിയിച്ചു. ഇനി 10 ലക്ഷം ആളുകൾക്കാണ് ജില്ലയിൽ 18 വയസ് പൂർത്തിയായവരിൽ വാക്സിൻ ലഭിക്കാൻ ബാക്കിയുള്ളത്. ഒരു മാസത്തിനുള്ളിൽ ഇവരിലും കോവിഡ് പ്രതിരോധത്തിൻ്റെ സുരക്ഷാ കവചം ഒരുക്കാനാണ് ആരോഗ്യ വകുപ്പിൻ്റെ ലക്ഷ്യം.